വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എക്സലോജിക് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. എക്സലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങൾ  അഴിമതി നിരോധന നിയമത്തിലെ  സെക്ഷൻ 13-ന്റെ വ്യക്തവും നഗ്നവുമായ ലംഘനമാണ്. ഇരുവരും ചെയ്തത് 10 വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ  പ്രാഥമിക അന്വേഷണമല്ല, ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.  എഫ്.ഐ.ആർ ഇടുന്നതിന് പകരം എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്.

സർക്കാരിൽ അഴിമതി കാണിക്കുന്നവർക്ക് ശിക്ഷാനടപടികൾ ഉറപ്പാക്കാൻ വേണ്ടിയാണ് അഴിമതി നിരോധന നിയമം ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുന്നത്. എക്സലോജിക് കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വ്യക്തമായ നിയമപരമായ ബാധ്യതയുള്ളപ്പോൾ, മുഖ്യമന്ത്രി വി. ഡി സതീശൻ അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇടപാടിൽ മുതിർന്ന കോൺഗ്രസ്- മുസ്ലിം ലീഗ് നേതാക്കളും ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ  സിപിഎം- കോൺഗ്രസ് ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എക്സലോജിക് തട്ടിപ്പിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ്  വി. മുരളീധരൻ എംഎൽഎയുടെ പേര് ഈ ചർച്ചയിലേക്ക്  വലിച്ചിടുന്നത്. ഇത് സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന ബോധപൂർവമായ ശ്രമമാണ്. ആ സമയത്ത്  വി. മുരളീധരൻ മന്ത്രിയോ എംപിയോ എംഎൽഎയോ ആയിരുന്നില്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുമുണ്ട്. വി. മുരളീധരനൊപ്പം ബിജെപി ശക്തമായി നിലകൊള്ളുമെന്നും  രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 

 

 

Share