ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ബിസിസിഐ. മുത്തൂറ്റ് ഫിന്‍കോര്‍പിനെയാണ് 2028 മാര്‍ച്ച് വരെ ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളുടെ ടൈറ്റില്‍ സ്‌പോണ്‍സറായി തിരഞ്ഞെടുത്തത്. ഒരു മത്സരത്തിന് 4.3 കോടി രൂപ വരെയാണ് പുതിയ കരാറിലെ തുക. മുന്‍ ടൈറ്റില്‍ സ്‌പോണ്‍സറായ ഐഡിഎഫ്‌സി ഫസ്റ്റ് ഒരു മത്സരത്തിന് 4.2 കോടി രൂപയാണ് നല്‍കിയിരുന്നത്. 2023ല്‍ ഒപ്പുവച്ച മൂന്ന് വര്‍ഷത്തെ 235.2 കോടി രൂപയുടെ കരാര്‍ ഓഗസ്റ്റിലാണ് അവസാനിച്ചത്. പുതിയ കരാറിലൂടെ ഒരു മത്സരത്തിനുള്ള തുക നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ജൂലൈ 20നാണ് ബിസിസിഐ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചത്. ആദ്യം നിശ്ചയിച്ച സമയപരിധി പിന്നീട് നീട്ടിയെങ്കിലും സ്‌പോണ്‍സറെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മുത്തൂറ്റ് ഫിന്‍കോര്‍പുമായി ബിസിസിഐ നേരിട്ട് കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സൈക്കിളില്‍ 35 മത്സരങ്ങള്‍ക്കായി ഒരു മത്സരത്തിന് 4.85 കോടി രൂപയായിരുന്നു ബിസിസിഐ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മുത്തൂറ്റ് ഫിന്‍കോര്‍പുമായുള്ള കരാര്‍ ഒരു മത്സരത്തിന് 4.3 കോടി രൂപ വരെയാണ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ബിസിസിഐ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ കുറവാണെങ്കിലും മുന്‍ സ്‌പോണ്‍സര്‍ നല്‍കിയിരുന്ന 4.2 കോടിയേക്കാള്‍ കൂടുതലാണ് പുതിയ തുക. ടീം ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവരെ അസോസിയേറ്റ് പാര്‍ട്ണര്‍മാരായും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. 2028 മാര്‍ച്ച് വരെയുള്ള 35 മത്സരങ്ങളാണ് ഈ പങ്കാളിത്തത്തിന്റെ പരിധിയില്‍ വരുന്നത്. മൂന്ന് കരാറുകളുടെയും ആകെ മൂല്യം 130 കോടിയിലധികമാണ്. മുന്‍ സൈക്കിളിനെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനയാണിതെന്ന് ബിസിസിഐ അറിയിച്ചു.

ഒരു മത്സരത്തിന് 1.31 കോടി രൂപയാണ് കാംപയുടെ കരാര്‍ തുക. ചാറ്റ്ജിപിടിയും എസ്ബിഐ ലൈഫും മത്സരത്തിന് 1.2 കോടി രൂപ വീതമാണ് നല്‍കുന്നത്. ബിസ്ലേരിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മത്സരത്തിന് 1.2 കോടി രൂപ വീതം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കാംപയാണ് ഉയര്‍ന്ന തുകയ്‌ക്ക് കരാര്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാണിജ്യ മൂല്യം ഉയരുന്നതിനിടെയാണ് കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്.

Share