ഉദയ്പൂർ: മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. ‘ഇന്ത്യ അനധികൃതമായി കശ്മീർ കൈവശപ്പെടുത്തിയിരിക്കുന്നു’, ‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം ‘ തുടങ്ങിയ ഇവരുടെ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.
റാമാ മേത്ത ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന റാമാ മേത്ത മെമ്മോറിയൽ ലക്ചറിലേക്കാണ് നിവേദിത മേനോനെ ക്ഷണിച്ചിരിക്കുന്നത്. പരിപാടി റദ്ദാക്കണമെന്ന് വിവിധ സംഘടനകൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2016ൽ ജെഎൻയുവിൽ കശ്മീരും രാഷ്‌ട്ര രൂപീകരണവും സംബന്ധിച്ച പ്രഭാഷണത്തിനിടെ “കശ്മീരും മണിപ്പൂരും ഇന്ത്യ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണ്” എന്നാണ് നിവേദിത മേനോൻ പറഞ്ഞത്.
2017ൽ ജോധ്പൂരിലെ ജയ് നാരായൺ വ്യാസ് സർവകലാശാലയിലെ പ്രഭാഷണവും വിവാദത്തിലായിരുന്നു. കശ്മീർ, ഇന്ത്യൻ സൈനികർ, ദേശീയപതാക, ദേശീയഗാനം എന്നിവയെക്കുറിച്ച് ഇവർ വിവാദ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു.
‘ നാശം പിടിച്ച രാജ്യം’ പരാമർശവും വിവാദത്തിൽ
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലെ “ ശപിക്കപ്പെട്ട രാജ്യം” എന്ന പരാമർശവും വിവാദമായിരുന്നു. മുസ്ലിം സമൂഹത്തിന്റെ ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വാക്കുകൾ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വിവിധ മേഖലകളിലും വിമർശനമുയർന്നു. യുഡിസി, കശ്മീർ, ദേശീയത, തിരഞ്ഞെടുപ്പ് സംവിധാനം തുടങ്ങിയ വിഷയങ്ങളിലും നിവേദിത മേനോൻ നടത്തിയിട്ടുള്ള രാഷ്‌ട്രീയ പരാമർശങ്ങൾ നേരത്തെ വിവാദമായിട്ടുണ്ട്.