കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ തകരാറുകളുണ്ടെന്നും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ചെലവ് പുതിയ കെട്ടിടം നിർമിക്കുന്നതിനേക്കാൾ കൂടുതലാണെന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിലെ ശുചിമുറികളുടെ അവസ്ഥയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുകളിലെ നിലയിൽ ഒരാൾ ശുചിമുറി ഉപയോഗിച്ചാൽ താഴത്തെ നിലയിൽ വരെ അതിന്റെ പ്രത്യാഘാതം അറിയുന്ന അവസ്ഥയാണ്. എല്ലാ ശുചിമുറികളിലും ചോർച്ചയുണ്ടെന്നും കെട്ടിടമാകെ തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു.
കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ നിലവിലെ അവസ്ഥയ്‌ക്ക് ആരാണ് ഉത്തരവാദിയെന്നും മുഖ്യമന്ത്രി ചോദിച്ചു. കെട്ടിട നിർമാണത്തിൽ അക്കൗണ്ടബിലിറ്റി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.