തിരുവനന്തപുരം: രാഹുലിനെ ഫ്രോഡ് എന്ന് വിളിച്ചതിൽ ഉറച്ചു നിൽക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. മുഖ്യമന്ത്രി വി. ഡി സതീശന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിലും രാഹുൽ മാപ്പുപറഞ്ഞാൽ ആ വിശേഷണം പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ തനിക്ക് പൊതുവെ താൽപര്യമില്ല. എന്നാൽ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കാൻ കഴിയില്ല. രാഹുലിന്റെ രാഷ്‌ട്രീയം നുണകളും അധിക്ഷേപങ്ങളും വിഭജനവും അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
2014-ൽ ജനരോഷത്തിൽ അധികാരത്തിൽ നിന്ന് പുറത്തായതിനു ശേഷം, രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും മാത്രം അധിഷ്ഠിതമാണ്. രാജ്യത്തെയും രാജ്യത്തിന്റെ സ്ഥാപനങ്ങളെയും നിരന്തരം തകർക്കുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപം, സർക്കാരിനും ബിജെപിക്കുമെതിരെ വ്യാജപ്രചാരണം – ഇതാണ് അദ്ദേഹത്തിന്റെ രീതി. ഇതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുഎപിഎ കാലത്തെ അഴിമതിയും ദുർഭരണവും തന്നെയാണ് ആവർത്തിക്കുന്നത്.
അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ് എന്നും, അദ്ദേഹത്തെ ഒരു തട്ടിപ്പുകാരനാണ് എന്നും വിളിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ‘ദേശദ്രോഹികൾ’ എന്ന് വിളിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നാടകമാണ് അപലപിക്കപ്പെടേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ വ്യക്തമായ പ്രസ്താവന വായിച്ചാൽ, വിവേകമുള്ള ആർക്കും മനസ്സിലാകും രാഹുൽ ഒരു ഫ്രോഡ് ആണെന്ന് .
രാഷ്‌ട്രീയത്തിൽ ബഹുമാനം ചോദിച്ചു വാങ്ങുന്നതല്ല, രാജ്യത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചും സേവനം ചെയ്തും നേടിയെടുക്കേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ രാജവംശ പരിവേഷമുള്ള കരിയറിൽ അദ്ദേഹം അതൊന്നും ചെയ്തിട്ടില്ല.
SIR സംബന്ധിച്ച നിങ്ങളുടെ നിലപാട് നിങ്ങളുടെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാടുമായി പോലും പൊരുത്തപ്പെടുന്നില്ല. നിങ്ങൾ എത്ര ആഞ്ഞടിച്ചാലും വ്യാജ, ഡമ്മി, നിയമവിരുദ്ധ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തേ മതിയാകൂ. എല്ലായ്പ്പോഴും. ഓരോ തവണയും. സാധാരണ ഞാൻ നിങ്ങളുടെ വിമർശനം അവഗണിക്കുമായിരുന്നു. പക്ഷേ നിങ്ങൾ എന്റെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാൽ ഞാൻ അതിൽ മറുപടി പറയേണ്ടതുണ്ട്.
അതിനാൽ ഇതാണ് എന്റെ വാഗ്ദാനം:
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദേശദ്രോഹി’ എന്ന് വിളിച്ചതിന് രാഹുൽ ഗാന്ധി മാപ്പ് പറയുകയും, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പറഞ്ഞ നുണകൾക്ക് മാപ്പ് പറയുകയും ചെയ്താൽ, അദ്ദേഹത്തെ ഫ്രോഡ് എന്ന് വിളിക്കുന്നത് ഞാൻ നിർത്താം. പക്ഷേ, ഈ അവസരം നിങ്ങൾ സ്വീകരിക്കാതെ നുണകളും പാലിക്കാത്ത വാഗ്ദാനങ്ങളും അഴിമതിയും പ്രീണന രാഷ്‌ട്രീയവും തന്നെ രാഷ്‌ട്രീയ തന്ത്രമായി തുടരുകയാണെങ്കിൽ, ഫ്രോഡ് എന്ന വിളി തുടർന്നും കേൾക്കാൻ തയ്യാറാവുക.
ഓരോ തവണയും….