തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി കണ്ടെത്തി. gad.kerala.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിൽ ഞായറാഴ്ച പാകിസ്താൻ പതാകയും പാക് അനുകൂല സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. ‘Team BlackLeets’ എന്ന പേരിലുള്ള സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഹാക്ക് ചെയ്ത പേജിൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെബ്സൈറ്റിന്റെ സാധാരണ ഹോം പേജിന് പകരം പാകിസ്താൻ പതാകയ്‌ക്കൊപ്പം ‘Pakistan Zindabad’, ‘We are Pakistani hackers’ തുടങ്ങിയ സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ‘എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു; ഇന്ന് നിങ്ങളുടെ ദിവസമാണ്’ എന്ന തരത്തിലുള്ള സന്ദേശവും പേജിലുണ്ടായിരുന്നു.
ഹാക്ക് ചെയ്ത പേജിൽ BlackLeets എന്ന പേരിനൊപ്പം ‘Pak Cyber Attacker’, ‘Dead Adders Crew’, ‘Pak Ghost Army’, ‘Pak Cyber Skulls’, ‘Pak Cyber Thunders’ തുടങ്ങിയ പേരുകളും രേഖപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ഡാറ്റ ചോർന്നോയെന്ന് സൈബർ സംഘം പരിശോധിക്കുന്നു
വെബ്സൈറ്റിന്റെ ഹോം പേജ് മാത്രമാണോ മാറ്റിയത്, അതോ സെർവറിലേക്കോ ഡാറ്റാബേസിലേക്കോ അനധികൃത പ്രവേശനം നടന്നിട്ടുണ്ടോ എന്നത് നിലവിൽ വ്യക്തമല്ല. വെബ്സൈറ്റിൽനിന്ന് പ്രധാനപ്പെട്ട സർക്കാർ രേഖകളോ വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും സൈബർ സുരക്ഷാ വിദഗ്ധർ പരിശോധിച്ചുവരികയാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹോസ്റ്റിങ് ദാതാവ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സൈറ്റ് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുക.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സൈബർ പൊലീസിൽ പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷനാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വെബ്സൈറ്റുകളും ഇ-ഗവേണൻസ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത്.
നിലവിൽ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നതും സൈറ്റിൽനിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്നതുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ‘Team BlackLeets’ എന്ന പേരിൽ സൈറ്റിൽ പ്രത്യക്ഷപ്പെട്ട അവകാശവാദത്തിന്റെ യാഥാർഥ്യവും അന്വേഷണത്തിന്റെ ഭാഗമായിരിക്കും.