ഓണം ബമ്പറടിച്ചില്ല, ദേഷ്യം ലോട്ടറി വിൽപ്പനക്കാരിയോട്; വയനാട്ടിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: ഓണം ബമ്പർ ലോട്ടറിയിൽ സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരിയുമായി തർക്കിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് പാട്ടവേൽ സ്വദേശി ശിവകുമാറിനെയാണ് ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് നെന്മേനി നമ്പ്യാർകുന്നിൽ ലോട്ടറി വിൽപ്പന നടത്തുന്ന വിനീത രജീഷിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നമ്പ്യാർകുന്നിൽ ‘പൂങ്കാവനം ലോട്ടറി’ എന്ന പേരിൽ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയിൽനിന്ന് ശിവകുമാർ സ്ഥിരമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിരുന്നതായാണ് വിവരം. ഇത്തവണത്തെ ഓണം ബമ്പർ ടിക്കറ്റും ഇവിടെനിന്നാണ് ഇയാൾ വാങ്ങിയത്.

ടിക്കറ്റിന് സമ്മാനം ലഭിച്ചില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ ശിവകുമാർ ലോട്ടറി കടയിലെത്തി വിനീതയുമായി തർക്കിച്ചെന്നാണ് പരാതി. തർക്കം രൂക്ഷമായതോടെ ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് വിനീതയെ ആക്രമിക്കുകയായിരുന്നു.

കഴുത്തിലും തലയിലും കുത്തേറ്റു

ആക്രമണത്തിൽ വിനീതയുടെ കഴുത്തിലും തലയിലും നിരവധി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ വിനീതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. തുടർന്ന് നാട്ടുകാർ ശിവകുമാറിനെ തടഞ്ഞുവച്ച് നൂൽപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നിലെ മറ്റ് കാരണങ്ങളും ആക്രമണത്തിന്റെ കൃത്യമായ സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

Share