ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ 14 ദിവസമായി ചികിത്സയിലായിരുന്ന 37കാരൻ മരിച്ചു. കായംകുളം എരുവ സ്വട്ടേരി സ്വദേശി അനൂപാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ കരീലകുളങ്ങര പൊലീസ് കേസെടുത്തു.
ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനൂപ് 14 ദിവസമായി ചികിത്സയിലായിരുന്നു. ഇതിനിടെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. ന്യൂറോ ഡോക്ടറുടെ സേവനം കൃത്യമായി ലഭ്യമായില്ലെന്നും അനസ്തേഷ്യ നൽകിയത് രോഗാവസ്ഥ കൂടുതൽ വഷളാക്കിയെന്നും ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.
അനൂപിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപണമുന്നയിച്ചിട്ടുണ്ട്. ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി
അതേസമയം, ചികിത്സയിൽ വീഴ്ചയുണ്ടായെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ബന്ധുക്കളെ ധരിപ്പിച്ചിരുന്നതായും നൽകാനാകുന്ന എല്ലാ ചികിത്സയും നൽകിയിരുന്നതായുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.