അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ:   അജ്മൽ കസബ് കോടതിയിൽ നടത്തിയ ഞെട്ടിക്കുന്ന അവകാശവാദം വെളിപ്പെടുത്തി 26/11 മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം. കൗൻ ബനേഗ ക്രോർപതി 18-ൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നികത്തിന്റെ വെളിപ്പെടുത്തൽ.

’26/11 ആക്രമണവുമായി ബന്ധപ്പെട്ടല്ല, നവംബർ ആറിന് ജുഹു ചൗപട്ടിയിൽ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കസബിന്റെ വാദം.  നടൻ അമിതാഭ് ബച്ചനെ കാണാനാണ് മുംബൈയിലെത്തിയത് എന്നായിരുന്നു കസബ് കോടതിയിൽ പറഞ്ഞത്’ നികം പറഞ്ഞു.

ഇത് കേട്ട അമിതാഭ് ബച്ചൻ അമ്പരന്നു. കസബ് യഥാർഥത്തിൽ തന്റെ വീട്ടിലെത്തിയിരുന്നെങ്കിൽ അവിടെനിന്ന് ജീവനോടെ മടങ്ങാൻ അനുവദിക്കില്ലായിരുന്നുവെന്നും ബച്ചൻ പ്രതികരിച്ചു.

പ്രായപൂർത്തിയാകാത്തയാളാണ് താൻ എന്നും തന്നെ റാവു അറസ്റ്റ് ചെയ്തതാണെന്നും ഉൾപ്പെടെ നിരവധി വാദങ്ങൾ ഉന്നയിച്ചിരുന്നതായി നികം പറഞ്ഞു. പ്രായം നിർണയിക്കാൻ കോടതി നിർദേശപ്രകാരം നടത്തിയ അസ്ഥി പരിശോധനയിലാണ് കസബ് പ്രായപൂർത്തിയായ ആളാണെന്ന് സ്ഥിരീകരിച്ചത്.

അധികൃതർ വിഷം നൽകാൻ ശ്രമിക്കുന്നുവെന്ന കസബിന്റെ മറ്റൊരു വാദവും പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞു. തെളിവായി നൽകിയ വസ്തു പരിശോധിച്ചപ്പോൾ അത് അരി പൊടിയാണെന്ന് കണ്ടെത്തിയെന്നും നികം പറഞ്ഞു. 2012 നവംബർ 21ന് പൂനെയിലെ യെരവാഡ സെൻട്രൽ ജയിലിലാണ് അജ്മൽ കസബിനെ തൂക്കിലേറ്റിയത്.

Share
Published by
ജനം വെബ്‌ഡെസ്ക്