മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക നിയമങ്ങള്‍ ഗുരുതരമായി ലംഘിച്ചെന്ന കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റി എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തല്‍. 2009-10 മുതല്‍ 2017-18 വരെയുള്ള ഒമ്പത് സീസണുകളിലെ സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ പരിധിയില്‍. അന്വേഷണവുമായി സഹകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചാര്‍ജുകളിലും ക്ലബ് കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ക്ലബിന്റെ വരുമാനം കൃത്രിമമായി വര്‍ധിപ്പിക്കുകയും ചെലവ് കുറച്ചുകാണിക്കുകയും ചെയ്യുന്നതിനായി ചില വാണിജ്യ പങ്കാളികളുമായി യഥാര്‍ഥ കരാറിനെ തെറ്റായി പ്രതിനിധീകരിക്കുന്ന ‘ഷാം’ കരാറുകള്‍ ഏര്‍പ്പെടുത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
മറ്റ് ചില സ്ഥാപനങ്ങളുമായുള്ള സമാന കരാറുകളെയും ക്ലബ് ആശ്രയിച്ചതായി കണ്ടെത്തലിലുണ്ട്. ഇതുവഴി ക്ലബിന്റെ സാമ്പത്തിക സ്ഥിതി യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ടതായി കാണിച്ചെന്നാണ് ആരോപണം. ക്ലബ് തെറ്റായ വിവരങ്ങളടങ്ങിയ അക്കൗണ്ടുകള്‍ സമര്‍പ്പിക്കുകയും ഓഡിറ്റര്‍മാരില്‍ നിന്നും ഫുട്‌ബോള്‍ റെഗുലേറ്റര്‍മാരില്‍ നിന്നും സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ഥ ചിത്രം മറച്ചുവെക്കുകയും ചെയ്തതായി സ്വതന്ത്ര കമ്മീഷന്‍ കണ്ടെത്തി. പ്രീമിയര്‍ ലീഗിന്റെയും യുവേഫയുടെയും ചെലവ് പരിധികളും മാഞ്ചസ്റ്റര്‍ സിറ്റി ഗണ്യമായി ലംഘിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.
കണക്കുകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അനുവദനീയമായ പരിധിയേക്കാള്‍ വളരെ കൂടുതലായി ക്ലബ് ചെലവഴിച്ചേനെയെന്നും കണ്ടെത്തലില്‍ പറയുന്നു. പ്രീമിയര്‍ ലീഗ് നടത്തിയ അന്വേഷണവുമായി സഹകരിക്കേണ്ട ബാധ്യതയിലും ക്ലബ് വീഴ്ച വരുത്തിയതായി കമ്മീഷന്‍ കണ്ടെത്തി. സഹകരണക്കുറവുമായി ബന്ധപ്പെട്ട നാല് ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിവെച്ചതായാണ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക അറിയിപ്പ്. കേസില്‍ ഇതുവരെ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. കമ്മീഷന്റെ കണ്ടെത്തലിനെതിരെ അപ്പീല്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒക്ടോബര്‍ 2 വരെ സമയമുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അപ്പീല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം. അതേസമയം, കമ്മീഷന്റെ കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സിറ്റി നിഷേധിച്ചിട്ടുണ്ട്. നിയമത്തിലും വസ്തുതകളിലും ഗുരുതരമായ പിഴവുകളുള്ളതാണ് തീരുമാനമെന്നും അതിനാല്‍ അപ്പീല്‍ നല്‍കുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ് കുറ്റക്കാരല്ലെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.