തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണങ്ങളോട് കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം. സെപ്റ്റംബർ 29ന് ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഇവിഎം, വോട്ടർപട്ടിക എന്നിവയുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണങ്ങൾ ശക്തമായി ഉയർത്തണമെന്നും പ്രതിഷേധ-പ്രതിരോധ പരിപാടികൾ തുടരണമെന്നും രാഹുൽ  ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം കേട്ടിട്ടും കാര്യമായ പ്രതികരണം  പ്രവർത്തകസമിതി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

കഴിഞ്ഞ രണ്ട് വർഷമായി  ‘വോട്ട് ചോരി’ ആരോപണങ്ങൾ  ഉയർത്തുന്നുണ്ടെങ്കിലും ഇതിന് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പിന്തുണ നേടിയെടുക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഹരിയാന, കർണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട്  ഉന്നയിച്ച ആരോപണങ്ങളിൽ പലർക്കും നേരത്തെ സംശയങ്ങളുണ്ടായിരുന്നു.

വോട്ട് ചോരി ആരോപണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ രാഹുൽ നേതാക്കളോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഇവിഎം എസ്ഐആർ വിഷയങ്ങളിൽ പാർട്ടിയിലെ എല്ലാ നേതാക്കളും ഒരേ നിലപാടിൽ അല്ലെന്നും സൂചനകളുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാൻ രാഹുൽ നിർദ്ദേശവും നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് ജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഭാരവാഹികളുടെയും ഭാഗത്തു നിന്നാണ് പ്രധാനമായും തണുപ്പൻ പ്രതികരണം ഉണ്ടായത്.

വോട്ട് മോഷണ ആരോപണത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് തെലങ്കാന കർണാടക സംസ്ഥാനങ്ങളിലെ നേതാക്കളെ ലക്ഷ്യം വെച്ച് രാഹുൽ  യോഗത്തിൽ പറഞ്ഞു. എന്നാൽ നിയമസഭയിൽ ജയിച്ചിട്ടും കേരളത്തിൽ നിന്നുള്ള നേതാക്കൾ ആകട്ടെ ഗത്യന്തരമില്ലാതെ രാഹുലിന്റെ വാദത്തിനൊപ്പം നിൽക്കേണ്ടിവന്നു.

 

 

 

Share