മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

Published by
ജനം വെബ്‌ഡെസ്ക്

ഭോപ്പാൽ: മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ സ്വന്തം വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭോപ്പാലിലെ രാകേഷ് അഗർവാളിനെയാണ് സൂരജ് നഗറിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ രണ്ട് ദിവസം മുൻപ് വീട്ടിൽ ജോലിക്കെത്തിയയാളെ കാണാതായതോടെ ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവന്നത്. രതിബാഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂരജ് നഗറിലായിരുന്നു രാകേഷ് അഗർവാൾ ഭാര്യക്കൊപ്പം താമസിച്ചിരുന്നത്. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് രണ്ട് ദിവസം മുൻപാണ് ഒരു വ്യക്തി വീട്ടിൽ ജോലിക്ക് പ്രവേശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ ഇയാളെ കാണാതായതായും പൊലീസ് അറിയിച്ചു. ഇതോടെയാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.ഒരു ഏജൻസി വഴി നിയമിക്കപ്പെട്ട വീട്ടുജോലിക്കാരനെ കാണാതായതായും ഇയാളാണ് പ്രധാന പ്രതിയെന്നും പോലീസ് പറഞ്ഞു.

വീട്ടിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കാണാതായ ജോലിക്കാരന്റെ സഞ്ചാരപാതയും ഇയാൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നതും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share