ന്യൂഡൽഹി: കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘യഥാർഥ ഹീറോ’ എന്നാണ് നെതന്യാഹു മച്ചറിനെ വിശേഷിപ്പിച്ചത്.
“ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചർ ചെറുത്തുനിന്നു. കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ആക്രമണകാരിയെ കീഴടക്കാൻ അദ്ദേഹം സഹായിച്ചു. ഇതിലൂടെ വലിയൊരു വിമാന ദുരന്തം ഒഴിവാക്കാനായി. 174 പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചു. ക്യാപ്റ്റൻ മച്ചർ വേഗത്തിൽ പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ. അദ്ദേഹം യഥാർഥ ഹീറോയാണ്,” നെതന്യാഹു പറഞ്ഞു.
‘ഹീറോ’യെന്ന് വിശേഷിപ്പിച്ച് ട്രംപും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പൈലറ്റിന്റെ ധൈര്യത്തെ പ്രശംസിച്ചു. നെതന്യാഹുവുമായി സംഭവത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്ന മച്ചറിന്റെ നടപടി നിർണായകമായിരുന്നുവെന്ന് പറഞ്ഞു.
13 വർഷത്തിലേറെ പരിചയം
ഫ്ലൈദുബായിയിലെ ഡയറക്ട് എൻട്രി ക്യാപ്റ്റനായാണ് സ്മിത് മച്ചർ ജോലി ചെയ്യുന്നത്. 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയമുള്ള മച്ച്ഛറിന് ഏകദേശം 9,750 മണിക്കൂർ പറക്കൽ പരിചയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബോയിങ് 737 വിമാനങ്ങളാണ് പ്രധാനമായും പറത്തുന്നത്.
ഫ്ലൈദുബായിയിൽ ചേരുന്നതിന് മുമ്പ് ഏകദേശം 11 വർഷം സ്പൈസ്ജെറ്റിൽ ജോലി ചെയ്തിരുന്നു. സീനിയർ കമാൻഡറായും പിന്നീട് പൈലറ്റുമാരുടെ പരിശീലനവും വിലയിരുത്തലും നിർവഹിക്കുന്ന ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും പ്രവർത്തിച്ചു. 2022 ജൂണിലാണ് ഫ്ലൈദുബായിയിൽ ചേർന്നത്.
മച്ചറിന്റെ സഹോദരനും അടുത്തിടെ ഫ്ലൈദുബായിയിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെ തുടർന്ന് മച്ചറിന്റെ മാതാപിതാക്കൾ തബൂക്കിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. കോക്പിറ്റിൽ സഹപൈലറ്റ് മച്ച്ഛറിനെ കുത്തുകയായിരുന്നു. ആക്രമണത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ വലിയ അപകടസാധ്യതയുണ്ടായി. എന്നാൽ പരിക്കേറ്റിട്ടും മച്ചർ ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തു.
ഇതോടെ യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് ആക്രമിച്ച സഹപൈലറ്റിനെ കീഴടക്കി. യാത്രക്കാരനായ യാനിവ് ഹയൂണും സംഘവും ആക്രമിയെ കീഴടക്കുകയായിരുന്നു.
അതിനിടെ, യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഫ്ലൈദുബായിയുടെ രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിനറെ നിയന്ത്രണം ഏറ്റെടുത്തു. പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴ്ന്നതായും ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ടെൽ അവീവിലെത്തിച്ചു. 174 പേരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ആക്രമണം നടത്തിയതായി സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തു. സഹപൈലറ്റ് ഒമാൻ സ്വദേശിയാണെന്നാണ് ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.















