ന്യൂഡൽഹി: “You saved the plane, you did well.”— രക്തത്തിൽ കുളിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനോട് ഫ്ലൈദുബായ് വിമാനത്തിലെ യാത്രക്കാർ പറഞ്ഞ വാക്കുകളാണിത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ മച്ചർ, സ്വന്തം ജീവൻ പോലും അവഗണിച്ചാണ് വിമാനം സുരക്ഷിതമാക്കിയത്.
വിമാനത്തിന്റെ സംവിധാനങ്ങൾ തകർക്കാനും വിമാനം തകർക്കാനും സഹപൈലറ്റ് ശ്രമിച്ചതോടെയാണ് കോക്പിറ്റിൽ സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ മച്ചറിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിന്നു. തുടർന്ന് ഒരു ജീവനക്കാരനും യാത്രക്കാരനും കോക്പിറ്റിൽ പ്രവേശിച്ച് ആക്രമണകാരിയെ കീഴടക്കുകയായിരുന്നു. മച്ചറിന്റെ അപരമായ ധൈര്യവും മനസാന്നിധ്യവുമാണ് 180 ഓളം പേരുടെ ജീവൻ രക്ഷിച്ചത്.
പൈലറ്റാകുമെന്ന് ഒരിക്കലും കരുതിയില്ല
പൈലറ്റാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് സ്മിത് മച്ചർ നേരത്തെ നൽകിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്കൂൾ പഠനത്തിന് ശേഷം കുടുംബ ബിസിനസുമായി ബന്ധപ്പെട്ട ടെക്സ്റ്റൈൽ എൻജിനീയറിങ് കോഴ്സിൽ ചേർന്നു. പിന്നീട് മാനേജ്മെന്റ് പഠനത്തിലേക്ക് മാറി. ഇതിനിടെയാണ് ഒരു ഏവിയേഷൻ സെമിനാറിൽ പങ്കെടുത്തത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു.
അവിടെവച്ചാണ് വ്യോമയാന മേഖലയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്. തീരുമാനം കേട്ടപ്പോൾ അമ്മയ്‌ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അച്ഛൻ പിന്തുണച്ചു. “എങ്ങനെ, എവിടെ എന്നത് നീ കണ്ടെത്തൂ” എന്നായിരുന്നു അച്ഛന്റെ പ്രതികരണമെന്ന് മച്ചർ ഓർക്കുന്നു. തുടർന്ന് ന്യൂസിലാൻഡിൽ പരിശീലനം നേടി. അന്ന് പരിശീലനത്തിനായി ഏകദേശം 16–17 ലക്ഷം രൂപ ചെലവായിരുന്നുവെന്നും ഇന്ന് ഇതേ പരിശീലനത്തിന് 80 ലക്ഷം രൂപയിലധികം ചെലവാകുമെന്നും മച്ചർ പറഞ്ഞിരുന്നു.
9,750 മണിക്കൂറിലേറെ പറക്കൽ പരിചയം
2011ൽ സ്പൈസ്‌ജെറ്റിൽ ചേർന്ന മച്ചർ വിവിധ പദവികളിൽ ജോലി ചെയ്തു. ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, സീനിയർ കമാൻഡർ തുടങ്ങിയ ചുമതലകൾ വഹിച്ചു.
ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയവും 9,750 മണിക്കൂറിലേറെ പറക്കൽ പരിചയവുമുണ്ട്. 2022 ജൂണിലാണ് സ്പൈസ്‌ജെറ്റ് വിട്ട് ഫ്ലൈദുബായിയിൽ ഡയറക്ട് എൻട്രി ക്യാപ്റ്റനായി ചേർന്നത്.
യാത്രക്കാരെ ശാന്തരാക്കുന്നതിൽ ശ്രദ്ധ
വിമാന സർവീസുകൾ വൈകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതാണ് തന്റെ രീതിയെന്നും മച്ചർ പറഞ്ഞിരുന്നു.
പൈലറ്റായ ശേഷം യാത്രക്കാർക്ക് ഇടയ്‌ക്കിടെ പബ്ലിക് അഡ്രസ് സംവിധാനത്തിലൂടെ വിവരങ്ങൾ നൽകാറുണ്ടായിരുന്നു. “വീണ്ടും അരമണിക്കൂർ വൈകിയാലും കോക്പിറ്റിൽ നിന്ന് നേരിട്ട് വിവരം കേൾക്കുന്നത് യാത്രക്കാരിൽ വ്യത്യാസമുണ്ടാക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോക്പിറ്റിൽ അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കാറുണ്ടെന്നും മച്ചർ പറഞ്ഞിരുന്നു. വിമാനത്തിൽ മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അടിയന്തര ലാൻഡിങ് നടത്തേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മച്ചർ അന്ന് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.















