അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ ആക്രമിച്ച ഒമാൻ പൗരനായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എട്ട് മാസം മുൻപാണ് ഇയാൾ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചത്. ഇയാൾ തീവ്ര ഇസ്ലാമിക ചിന്തക്കാരനാണെന്നും   സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും  വിസമ്മതിച്ചിരുന്നെന്നും സഹപൈലറ്റ് ഇസ്രയേലിലെ ചാനൽ 16നോട് പറഞ്ഞു. ഇയാളെ ‘മതതീവ്രവാദി’ എന്നാണ് സഹപൈലറ്റ് വിശേഷിപ്പിച്ചത്.

ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സെപ്റ്റംബർ 30നാണ് സംഭവം. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ 174 യാത്രക്കാരാണുണ്ടായിരുന്നത്. സഹ പൈലറ്റ് ക്യാപ്റ്റൻ മച്ചറിനെ ആക്രമിച്ചതിന് പിന്നാലെ വിമാനം അതിവേഗം താഴേക്ക് പതിച്ചു. യാത്രക്കാരും ജീവനക്കാരും ഇടപെട്ട് ആക്രമിയെ കീഴടക്കുകയും രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

ഇസ്രായേലും ഒമാനും തമ്മിൽ നയതന്ത്ര ബന്ധമില്ല. അതിനാൽ ഒമാൻ പാസ്‌പോർട്ട് ഉള്ള ഒരാൾ ഇസ്രായേലിലേക്ക് പോകുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ ഉണ്ടായത് സംശയങ്ങളുണ്ടാക്കുന്നുണ്ട്.  ഫ്ലൈദുബായിക്ക് നൽകിയിട്ടുള്ള വ്യോമയാന അനുമതിയിൽ, ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ള പൈലറ്റുകൾക്കാണ് ഇസ്രായേലിൽ ലാൻഡ് ചെയ്യാൻ അനുമതിയുള്ളത്. അതേസമയം, ഈ സംഭവത്തിന് പിന്നാലെ ഇസ്രായേലിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളിലെയും പൈലറ്റുമാരുടെ തിരിച്ചറിയലും സുരക്ഷാ പരിശോധനയും കൂടുതൽ കർശനമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Share