തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും പുറത്തേക്ക് എറിഞ്ഞെന്ന ആരോപണം ഗൗരവമുള്ള വിഷയമാണെന്ന് വകുപ്പ് വിലയിരുത്തി.
ഹോസ്റ്റലിൽ മദ്യക്കുപ്പികൾ എങ്ങനെ എത്തിയെന്നും വിദ്യാർഥികളല്ലാത്തവർ ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ചിരുന്നോ എന്നും സമിതി പരിശോധിക്കും. ഹോസ്റ്റലിനുള്ളിൽ ലഹരി വസ്തുക്കളുടെ ഉപയോഗമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി നടന്ന സംഘർഷത്തിന്റെ പശ്ചാത്തലവും സമിതി പരിശോധിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. മാർച്ച് പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്.
മാർച്ചിനിടെ ഹോസ്റ്റലിനുള്ളിൽ നിന്ന് കല്ലുകളും മദ്യക്കുപ്പികളും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും തുടർന്ന് ഹോസ്റ്റലിലേക്ക് കല്ലുകളും കത്തുന്ന പന്തങ്ങളും ഉൾപ്പെടെ എറിഞ്ഞെന്നുമാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള ആരോപണം. ഇരു വിഭാഗങ്ങളുടെയും ആരോപണങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.
മാർച്ച് അവസാനിച്ചശേഷം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ വീണ്ടും ഹോസ്റ്റലിന് സമീപത്തേക്ക് എത്തിയതോടെ സംഘർഷം രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. ഹോസ്റ്റൽ വളപ്പിലേക്ക് കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതായും മറുവശത്ത് നിന്ന് കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സംഘർഷത്തിനിടെ വിദ്യാർഥികൾക്കും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു . പൊലീസ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തിയതുമായി ബന്ധപ്പെട്ടും വിവിധ രാഷ്‌ട്രീയ സംഘടനകൾ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടും.
സംഭവത്തിന് പിന്നാലെ എസ്എഫ്ഐ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിനും ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്ക് മാർച്ചിനും ആഹ്വാനം ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് തലസ്ഥാനത്ത് രാഷ്‌ട്രീയ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റൽ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോസ്റ്റലിനുള്ളിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ലഭിച്ചിരുന്നോ, മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എങ്ങനെ ഹോസ്റ്റലിലെത്തി, സംഘർഷത്തിനിടെ ആരൊക്കെ ഇടപെട്ടു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണസമിതിയുടെ റിപ്പോർട്ട് നിർണായകമാകും.