ബംഗളൂരു: പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനകളുമായി ബന്ധമുള്ള 24കാരൻ അറസ്റ്റിൽ. കർണാടകയിലെ ബിദർ സ്വദേശി വിശാൽ കുമാർ മെത്രെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിബിഎ പഠനം പൂർത്തിയാക്കാത്തയാളാണ് വിശാൽ എന്നാണ് വിവരം.
നിരോധിത ഭീകരസംഘടനകളുമായി ബന്ധമുള്ളവരുമായും അനധികൃത ആയുധങ്ങളുടെ കടത്ത്, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടവരുമായും വിശാൽ സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഡിസംബർ 2025 മുതൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങളെന്ന് പൊലീസ്
മൊബൈൽ ഫോണിലെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ പരിശോധിച്ചപ്പോൾ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവരുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലുള്ള ഷഹ്സാദ് ഭട്ടി, ഇയാളുടെ സഹായി റാന ഹുനൈൻ, നോമി ഖാൻ എന്നിവരുമായി വിശാൽ ആശയവിനിമയം നടത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹ്സാദ് ഭട്ടിയെ പാകിസ്ഥാനിലെ നിയുക്ത ഭീകരനെന്നാണ് എഫ്‌ഐആറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അനധികൃത തോക്കുകളുടെ കടത്തും വിൽപ്പനയും സംബന്ധിച്ച ചർച്ചകൾ നടന്നതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ആയുധക്കടത്തും അന്വേഷിക്കുന്നു
ഉത്തർപ്രദേശിലെ ആശു ശർമ, മധ്യപ്രദേശിലെ രാജ് ഭായ് എന്ന ലക്കി സിംഗ് എന്നിവരുമായും വിശാൽ വാട്സാപ്പ്, ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടിരുന്നു. അനധികൃത ആയുധങ്ങളുടെ ഇടപാടുകളുമായി ഇവർക്കുള്ള ബന്ധവും അന്വേഷണത്തിന്റെ പരിധിയിലാണ്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള വ്യക്തികളുമായുള്ള ബന്ധം, വാട്സാപ്പ് ചാനലുകൾ, ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് പിന്നിൽ കൂടുതൽ പേരടങ്ങുന്ന ശൃംഖലയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
UAPA, BNS വകുപ്പുകൾ ചുമത്തി
ബിദറിലെ ഖടക് ചിഞ്ചോളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. UAPAയിലെ 18, 20, 39 വകുപ്പുകൾക്കും BNSയിലെ 61(2), 3(5) വകുപ്പുകൾക്കും കീഴിലാണ് കേസെടുത്തിരിക്കുന്നത്. ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചന, ഭീകരസംഘടനയിലെ അംഗത്വം, ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശാലിനെ എൻഐഎയുടെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ചുവരികയാണ്.















