തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ നീന്തല്‍ മത്സര വേദിയിലെ താല്‍ക്കാലിക മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിക്കാരില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് വിശദീകരണം. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം താല്‍ക്കാലിക റൂഫിങ് തകര്‍ന്നതില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഘാടനത്തിലെ വീഴ്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നടത്തുന്നതിന് മുന്നോടിയായി സംഘാടക സമിതി ഒരു തവണ പോലും യോഗം ചേര്‍ന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തൃശൂര്‍ എംഎല്‍എ ചെയര്‍മാനായ സമിതിയുടെ പ്രവര്‍ത്തനം കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് യോഗം ചേരാന്‍ കഴിയാതിരുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ. പല്ലനും സമിതി അംഗമായ മേയര്‍ക്കും ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ വൈകി അറിയിച്ചതില്‍ തൃശൂര്‍ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചതായാണ് വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അധ്യാപക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതല്ലാതെ സംഘാടക സമിതി യോഗം ചേര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ ശക്തമായ മഴയിലും കാറ്റിലും താല്‍ക്കാലിക മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് നീന്തല്‍ മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. സംഭവത്തില്‍ സംഘാടന വീഴ്ച ആരോപിച്ച് വിവിധ തലങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തൃശൂര്‍ ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.