ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: ഫ്ലൈദുബായ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രയേലിന്റെ പ്രത്യേക ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമിലെ ഹെർസൽ പർവതത്തിൽ നടക്കുന്ന പരമ്പരാഗത ആഘോഷദീപം തെളിയിക്കൽ ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത്തിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേക അതിഥിയായി ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്  ക്യാപ്റ്റനെയും ക്ഷണിച്ചിരിക്കുന്നത്.

ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷദീപം തെളിയിക്കാൻ അവസരം ലഭിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന പരമോന്നത അംഗീകാരങ്ങളിലൊന്നാണ്. ഇത്തവണ ഈ ആദരം ക്യാപ്റ്റൻ സ്മിത്തിന് നൽകുന്നതിൽ ഇസ്രയേൽ അഭിമാനിക്കുന്നുവെന്ന് നെതന്യാഹു അദ്ദേഹവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ക്യാപ്റ്റൻ സ്മിത് ഇന്ത്യയുടെ മാത്രമല്ല, ഇസ്രയേലിന്റെയും ലോകത്തിന്റെയും ഹീറോയാണെന്നും നെതന്യാഹു വിശേഷിപ്പിച്ചു. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ നടന്ന സംഭവങ്ങളും അതിനെ തുടർന്നുണ്ടായ നിർണായക നിമിഷങ്ങളും ക്യാപ്റ്റൻ സ്മിത് ഇസ്രയേൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.

വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ ഉണ്ടായ ആക്രമണത്തിനിടയിലും നിയന്ത്രണം കൈവിടാതെ വിമാനം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ക്യാപ്റ്റൻ സ്മിത് നിർണായക പങ്കുവഹിച്ചിരുന്നു. സംഭവത്തെ തുടർന്ന് യുഎഇ അധികൃതർ ആക്രമണം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ക്യാപ്റ്റൻ സ്മിത്തിനുള്ള ആദരം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

Share