കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേർഡിന്റെ (53) മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ ഭാര്യ ലേഖ മേരി (48) അറസ്റ്റിലായി. ഭർത്താവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ലേഖ മേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.
ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് രാജുവിനെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. രാജു കുഴഞ്ഞുവീണെന്ന് ലേഖ ബന്ധുക്കളെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ മരണത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. ഇൻക്വസ്റ്റ് നടപടിക്കിടെ രാജുവിന്റെ കഴുത്തിൽ കണ്ട പാടുകളാണ് അന്വേഷണത്തിൽ നിർണായകമായത്.
പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ശക്തമായി അമർത്തിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയതായി ലേഖ മേരി സമ്മതിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
രാജുവിന് അമിതമായി മരുന്ന് നൽകിയിരുന്നോയെന്നും കൊലപാതകത്തിന് മുമ്പ് വിഷം നൽകിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ലേഖ മേരിയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ രാജുവിന്റെ വീട്ടിലെത്തി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഇയാളെ നിലവിൽ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
രാജുവും ലേഖ മേരിയും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ലേഖ അടുത്തിടെയാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.