ദുബായ്: ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ഫ്ലൈദുബായ് വിമാനം ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടിരുന്നതായി പുതിയ റിപ്പോർട്ട്. ഇറ്റാലിയൻ ദിനപത്രമായ കൊറിയറെ ദെല്ല സെറയുടെ അന്വേഷണാത്മക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ക്യാപ്റ്റനെ കൊലപ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കി ടെൽ അവീവിലേക്ക് തിരിച്ച് കെട്ടിടത്തിൽ ഇടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ1073 വിമാനത്തിലായിരുന്നു സംഭവം. കോക്പിറ്റിൽ നിസ്കരിക്കുന്നതായി നടിച്ച ശേഷമാണ് ഹമാം അൽ ഹമ്മാമി ക്രാഷ് ആക്സുമായി ക്യാപ്റ്റൻ സ്മിത്തിനെ പിന്നിൽനിന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും സ്മിത്തിന് കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു. തുടർന്ന് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന് പ്രതിയെ കീഴടക്കി.
ഇതിനിടെ വിമാനം ഏകദേശം 30 സെക്കൻഡിനുള്ളിൽ 16,000 അടി താഴേക്ക് പതിച്ചു. മണിക്കൂറിൽ 970 കിലോമീറ്ററിലധികം വേഗത കൈവരിച്ച വിമാനം അതിന്റെ ഘടനാപരമായ പരിധിയും മറികടന്നതായി റിപ്പോർട്ടുണ്ട്.
ആദ്യ പദ്ധതി പരാജയപ്പെട്ടതോടെ വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനവിതരണം തടയാൻ ഹമാം അൽ ഹമ്മാമി ശ്രമിച്ചോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ‘Run’ൽ നിന്ന് ‘Cutoff’ നിലയിലേക്ക് മാറ്റിയിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വിമാനത്തിനുള്ളിലെ എമർജൻസി ലൈറ്റുകൾ അപ്രതീക്ഷിതമായി തെളിഞ്ഞതും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ എൻജിനുകൾ ഇയാൾ പൂർണമായി ഓഫ് ചെയ്തുവെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യാത്രക്കാരുടെ ഇടപെടലിനെ തുടർന്ന് നിയന്ത്രണം വീണ്ടെടുത്ത വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി സുരക്ഷിതമായി ഇറക്കി. ക്യാപ്റ്റൻ സ്മിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹമാം അൽ ഹമ്മാമിയെ സൗദി അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുഎഇ അധികൃതർ സംഭവത്തെ ഭീകരാക്രമണമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹമാം അൽ ഹമ്മാമി ഒറ്റയ്‌ക്കാണോ പ്രവർത്തിച്ചതെന്നും, നേരത്തെ ഉണ്ടായിരുന്ന തീവ്രവാദ ആശയങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.