എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്:  എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും  അമേരിക്കൻ കൺട്രി ഗായികയും രാഷ്‌ട്രീയ നിരീക്ഷകയുമായ അലക്സിസ് വിൽകിൻസും വിവാഹിതരാകുന്നു.  ഞായറാഴ്ച വൈകിട്ട് എക്സിലൂടെയാണ് 27കാരിയായ അലക്സിസ് വിൽകിൻസ് വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടത്. കാഷ് പട്ടേലിനൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും വിരലിലെ മോതിരവും പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. “Went and got the law involved” എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. പിന്നീട് ഈ ചിത്രം കാഷ് പട്ടേൽ റീപോസ്റ്റ് ചെയ്തു.

2025ലാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ഇതിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വിൽകിൻസ് പങ്കെടുത്തിരുന്നു. 2022ൽ നാഷ്‌വില്ലെയിൽ നടന്ന ഒരു പരിപാടിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നും 2023ൽ പ്രണയത്തിലായതെന്നുമാണ് റിപ്പോർട്ടുകൾ.

ഗായികയ്‌ക്ക് പുറമെ രാഷ്‌ട്രീയ നിരീക്ഷക കൂടിയാണ് അലക്സിസ് വിൽകിൻസ്. 2023ലാണ് ആദ്യ സംഗീത പ്രോജക്ട് പുറത്തിറക്കിയത്. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിങ്ടണിലെ നാഷണൽ മാളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടിപ്പിച്ച Great American State Fairലും വിൽകിൻസ് സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.

എഫ്ബിഐ ഡയറക്ടർ എന്ന നിലയിൽ കാഷ് പട്ടേലിന്റെ ഔദ്യോഗിക പദവിയും വിൽകിൻസിന്റെ സംഗീത-രാഷ്‌ട്രീയ പ്രവർത്തനങ്ങളും കാരണം ഇരുവരുടെയും ബന്ധം നേരത്തെ തന്നെ പൊതുശ്രദ്ധ നേടിയിരുന്നു.

Share