തിരുവനന്തപുരം: പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
2024 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും പെൺകുട്ടിയും ഒരേ വീടിന്റെ രണ്ട് നിലകളിലായാണ് താമസിച്ചിരുന്നത്. സ്കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ആദ്യം വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മയെയും സ്കൂൾ അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയെയും പോലീസിനെയും സമീപിച്ചു.
മുമ്പും പലതവണ പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പീഡനം തുടർന്നതോടെയാണ് പെൺകുട്ടി വിവരം പുറത്തുപറഞ്ഞത്. കുട്ടിയെ രക്ഷിതാക്കൾ ദത്തെടുത്തതായതിനാൽ ജനനത്തീയതി സംബന്ധിച്ച കൃത്യമായ രേഖകൾ ലഭ്യമല്ലായിരുന്നു.
വിചാരണയ്‌ക്കിടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും അതിനാൽ പോക്സോ നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി ഓസിഫിക്കേഷൻ ടെസ്റ്റ് (ossification test) നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വൈദ്യപരിശോധനയിൽ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പോക്സോ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണെന്ന് തെളിയിക്കുന്നതിൽ ഈ പരിശോധനാ ഫലം നിർണായകമായി.
കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും ഒരു തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. കരമന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് വി.എസ്., വിപിൻ ആർ.എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്.
കുട്ടിക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ് വിധിച്ച കോടതി, പിഴത്തുകയ്‌ക്ക് പുറമെ സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.