പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വെങ്ങാനൂർ സ്വദേശി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രാജനും അനൂപും രാത്രി വൈകിയും പുലർച്ചെ വരെയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല.

രാജന്റെ ശരീരത്തിൽ 35ഓളം വെട്ടേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്തിലും ഗുരുതരമായ വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് രക്തം തറയിൽ കട്ടപിടിച്ച നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ശരീരത്തിലെ രക്തക്കറയിൽ സംശയം; വാഹനം തടഞ്ഞ് ചോദ്യം ചെയ്തു

കൊലപാതകത്തിന് പിന്നാലെ അനൂപ് രാജന്റെ ബൈക്കുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം. പിന്നീട് വിഴിഞ്ഞം ഭാഗത്തേക്ക് പോകുന്നതിനിടെ പരസ്യമായി മദ്യപിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് അനൂപിനെ പിടികൂടിയത്.

വാഹനപരിശോധനയ്‌ക്കിടെ അനൂപിന്റെ ശരീരത്തിൽ രക്തക്കറകൾ കണ്ടെത്തിയതോടെ പൊലീസ് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് രാജനെ വെട്ടിക്കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്.

തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ശക്തമാക്കി. അനൂപിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഭാര്യയുമായി പിണങ്ങി രാജൻ വേറെയാണ് താമസിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അനൂപ് പതിവായി രാജനെ കാണാനെത്താറുണ്ടായിരുന്നുവെന്നും കഴിഞ്ഞ രാത്രിയും ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിലവിലെ പ്രാഥമിക വിവരം. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ കാരണം, ഉപയോഗിച്ച ആയുധം, സംഭവത്തിന്റെ പൂർണ സാഹചര്യം എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Share