തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനമേറ്റ 42കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. പെരുംകുഴി തല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജിയാണ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് ദിവസം മുമ്പുണ്ടായ പൊലീസ് മർദനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. തല്ലിമുക്ക് സ്വദേശിയായ യുവാവിനെ വിദേശമദ്യം കൈവശംവെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിക്കുന്നത് സജി കണ്ടിരുന്നു. മർദിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസുകാർ സജിക്കുനേരെയും തിരിയുകയായിരുന്നു.
ചിറയിൻകീഴ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ മർദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ സജിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും ബന്ധുക്കൾ പറയുന്നു.
മൂത്രമൊഴിക്കുമ്പോൾ രക്തം പുറത്തുവരികയും രക്തം ഛർദിക്കുകയും ചെയ്തു. മുഖത്ത് നീരുണ്ടായതായും ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സജി കുഴഞ്ഞുവീണത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പൊലീസ് മർദനമാണ് മരണത്തിന് കാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾക്ക് ശേഷമായിരിക്കും മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുക.
സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസ് മർദനമുണ്ടായെന്ന ആരോപണം, സജിയുടെ ആരോഗ്യനിലയിലുണ്ടായ മാറ്റം, മരണത്തിലേക്ക് നയിച്ച സാഹചര്യം എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.















