കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: കുംഭമേളയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളൊന്നും ചടങ്ങിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകട്ടെ, കുംഭമേളയുടെ ചടങ്ങുകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

കഴിഞ്ഞ കുംഭമേളയിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നടക്കം വലിയ തോതിൽ ഭക്തരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ എത്താൻ കഴിയാതിരുന്ന നിരവധി പേർ ഇത്തവണ എത്താൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.

കുംഭമേളയെ രാഷ്‌ട്രീയവത്കരിക്കാനും വിവാദങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽനിന്ന് ഉണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  എന്നാൽ ഇത്തരം നെഗറ്റീവ് ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പോസിറ്റീവായ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്ക വേണ്ട
കുംഭമേള നടക്കുന്ന പ്രദേശത്തേക്കുള്ള താൽക്കാലിക പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടും അനുമതിയെച്ചൊല്ലിയും വിവിധ ചർച്ചകൾ ഉയരുന്നുണ്ട്. കഴിഞ്ഞ തവണയും പാലവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും ചടങ്ങുകൾ ഭംഗിയായി നടത്താൻ കഴിഞ്ഞതായി സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.

സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുംഭമേളയുമായി ബന്ധപ്പെട്ട് നിലവിൽ പോസിറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. എന്തെങ്കിലും പ്രതിസന്ധിയുണ്ടായാലും അത് മറികടന്ന് കുംഭമേള അതിന്റെ പാരമ്പര്യവും ഗരിമയും നിലനിർത്തി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേന്ത്യയ്‌ക്കൊപ്പം ഉത്തരേന്ത്യയിൽനിന്നും ഭക്തർ
കഴിഞ്ഞ തവണ കേരളത്തിൽനിന്നുള്ള ഭക്തരായിരുന്നു പ്രധാനമായും കുംഭമേളയിൽ പങ്കെടുത്തതെങ്കിൽ ഇത്തവണ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉത്തരേന്ത്യയിൽനിന്നും വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. നാസിക് കുംഭമേള, ഹരിദ്വാറിലെ അർധകുംഭം, പ്രയാഗിലെ മാഘമേള എന്നിവയുമായി ബന്ധപ്പെട്ട് എത്തുന്ന സന്യാസിമാരുടെയും ഭക്തരുടെയും പങ്കാളിത്തവും ഇത്തവണ ഉണ്ടാകും. കേരളത്തിൽ നടക്കുന്ന ഒരു ചടങ്ങ് എന്നതിൽനിന്ന് മാറി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്യാസിമാരെയും വിശ്വാസികളെയും ഒരുമിപ്പിക്കുന്ന മഹാചടങ്ങായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2028ലെ സിംഹസ്ഥയ്‌ക്ക് മുന്നോടിയായി വലിയ ഒരുക്കങ്ങൾ
2028ലാണ് സിംഹസ്ഥ കുംഭമേള നടക്കുന്നത്. നാസിക്, ഉജ്ജയിൻ, തിരുനാവായ എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിൽ പൗരാണികമായി നിലനിന്നിരുന്ന ആചാരപരമ്പരയുടെ തുടർച്ച വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.

പൗരാണിക പാരമ്പര്യവുമായി ബന്ധപ്പെട്ട ചടങ്ങാണ് കുംഭമേളയെന്നും ഒരു സുപ്രഭാതത്തിൽ ആരംഭിച്ച പുതിയ ആചാരമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാലക്രമത്തിൽ നിലച്ചുപോയ ഒരു പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെല്ലോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ എത്തണമെന്നാണ് ആഗ്രഹമെന്നും സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ പങ്കെടുപ്പിച്ച് കൂടുതൽ ഭംഗിയോടെ കുംഭമേള നടത്താനാണ് ലക്ഷ്യമിടുന്നത്. വിവാദങ്ങൾ എന്തുതന്നെയായാലും കുംഭമേളയുടെ നടത്തിപ്പിനെ അവ ബാധിക്കില്ലെന്നും ചടങ്ങുകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share