കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ (KAAPA) ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുഗതൻ ഉടൻ ജയിൽ മോചിതനാകും.
കാപ്പ നിയമപ്രകാരം സുഗതനെതിരെ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
സുഗതനെ ജയിലിൽ അടച്ച് ബി.ജെ.പി ഭരണപ്രതിസന്ധിയിലാക്കാമെന്ന ഇടത്-വലത് മുന്നണികളുടെ ദിവാസ്വപ്നമാണ് ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞത്. ജനവിധിയിലൂടെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സുഗതനെ കാപ്പ ചുമത്തി ജയിലിലടച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സുഗതനെതിരായ കാപ്പ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ ഇത്തരം നീക്കങ്ങൾക്കേറ്റ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കോടതി ഉത്തരവോടെ സുഗതനെതിരായ കാപ്പ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. നിയമപരമായ പോരാട്ടത്തിലൂടെ കാപ്പ ഉത്തരവ് റദ്ദാക്കാൻ കഴിഞ്ഞത് ബി.ജെ.പിക്കും വലിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്.
സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർ ആദ്യം നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നിയമപ്രകാരം ദൈവനാമത്തിലോ ഗൗരവപൂർവമായ പ്രതിജ്ഞയിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തുടർന്ന് മറ്റ് കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
കാപ്പ പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന സുഗതന് പുറത്തുവന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ വിഷയം വീണ്ടും ഹൈക്കോടതിയിലെത്തി. കാപ്പ തടവിലുള്ള വ്യക്തിയെ മോചിപ്പിക്കാൻ സാധിക്കില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചെങ്കിലും, ജനവിധി മാനിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. തുടർന്ന് ജൂലൈ 14ന് ജയിലിൽ സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.