തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.45ഓടെയാണ് സാന്ദ്രയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോൺഫറൻസിൽ സാന്ദ്ര പങ്കെടുക്കേണ്ടിയിരുന്നു.

എന്നാൽ കോൺഫറൻസിൽ സാന്ദ്രയെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സാന്ദ്രയുടെ കാര്യത്തിൽ ആശങ്ക ഉയരുകയായിരുന്നു.

തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപികയെ വിവരമറിയിക്കുകയും സാന്ദ്രയെ അന്വേഷിക്കുകയും ചെയ്തു. അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ മുറിയിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share