തിരുവനന്തപുരം: വാഹനങ്ങളില്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ജിന്‍, ഷാസി, ബോഡി ഘടന എന്നിവയിലടക്കം ഏഴ് തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഗതാഗത കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിച്ചാണ് വാഹനങ്ങളില്‍ മാറ്റം വരുത്തേണ്ടത്. ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അനുവദനീയമായ മാറ്റങ്ങള്‍ നടത്താന്‍ പാടുള്ളൂ. വരുത്തുന്ന മാറ്റങ്ങള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആര്‍.സി.) രേഖപ്പെടുത്തുകയും വേണം.
വാഹനത്തിന്റെ നിറം മാറ്റുന്നതിനും രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. മാറ്റിയ നിറം ആര്‍.സിയില്‍ രേഖപ്പെടുത്തിയ ശേഷമേ വാഹനം നിരത്തിലിറക്കാന്‍ പാടുള്ളൂ. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിച്ച നിറങ്ങള്‍ ഉപയോഗിക്കാനും അനുമതിയില്ല. വാഹനത്തിന്റെ എന്‍ജിന്‍ മാറ്റുന്നതിന് പ്രത്യേക നിബന്ധനകളുണ്ട്. നിലവിലുള്ള എന്‍ജിന്റെ അതേ സ്‌പെസിഫിക്കേഷനിലുള്ള, അതായത് ഒരേ മോഡല്‍, ശേഷി, പവര്‍ തുടങ്ങിയവയുള്ള എന്‍ജിന്‍ മാത്രമേ മാറ്റിവയ്‌ക്കാന്‍ പാടുള്ളൂ.
മാറ്റിയ എന്‍ജിന്റെ വിവരങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തുകയും വേണം. അതേസമയം, അതേ വാഹന നിര്‍മാതാവിന്റെ എന്‍ജിന്‍ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരു വാഹനത്തില്‍ ഉപയോഗിച്ച എന്‍ജിന്‍ മാറ്റിവയ്‌ക്കാന്‍ അനുമതിയുണ്ടാകില്ല. ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റം വരുത്തുന്നതിനും മുന്‍കൂര്‍ അനുമതി വേണം. മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തിയ ശേഷമേ അവയ്‌ക്ക് അംഗീകാരം ലഭിക്കൂ. എന്നാല്‍ ഒരു വിഭാഗത്തിലുള്ള വാഹനത്തിനായി നിര്‍മിച്ച ഷാസി മറ്റൊരു വിഭാഗത്തിലുള്ള വാഹനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇന്ധനത്തിന്റെ തരം മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി അനുമതിയുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ മാറ്റങ്ങളും അവയ്‌ക്കുള്ള നടപടിക്രമങ്ങളും വ്യക്തമാക്കിയുള്ള ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കൈമാറി.