സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

Published by
ജനം വെബ്‌ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങള്‍ക്ക് പിന്നാലെ യെമനില്‍ വ്യാപക സൈനിക നടപടി നടത്തിയതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ നാല് പ്രവിശ്യകളിലായി 82 ഹൂതി സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് സഖ്യസേനയുടെ അവകാശവാദം. സനായില്‍ സൗദിയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ തയ്യാറാക്കിയിരുന്ന പ്ലാറ്റ്‌ഫോമും തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സഅദ, അല്‍ ഹുദൈദ, അല്‍ ജൗഫ്, മാരിബ് പ്രവിശ്യകളിലാണ് സഖ്യസേന ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സഅദയിലെ 11 ബാലിസ്റ്റിക് മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മിസൈല്‍-ആയുധ സംഭരണ കേന്ദ്രങ്ങള്‍, ഹൂതി സേനയുടെ ഒത്തുചേരല്‍ കേന്ദ്രങ്ങള്‍ എന്നിവ ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. സൗദിയിലെ അബ്ഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി. രണ്ട് ആക്രമണങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തില്‍ സുഡാന്‍ സ്വദേശിയായ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. റിയാദിനെ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന നേരത്തെ തടഞ്ഞ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സനായില്‍ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന മിസൈല്‍ വിക്ഷേപണ പ്ലാറ്റ്‌ഫോം തകര്‍ത്തതായാണ് സഖ്യസേനയുടെ വിശദീകരണം.

Share