റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Published by
ജനം വെബ്‌ഡെസ്ക്

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായും ഹൂതികള്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സൗദി അധികൃതരും പുതിയ അവകാശവാദത്തില്‍ ഉടന്‍ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച റിയാദില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കിംഗ് ഖാലിദ് വിമാനത്താവളത്തിലും വലിയ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. വിമാനത്താവളത്തില്‍ പുകയും ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.

സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്‌ലൈറ്റ്‌റഡാര്‍24 അറിയിച്ചു. നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ അഗ്‌നിരക്ഷാ സേനയുടെയും ആംബുലന്‍സുകളുടെയും സംഘങ്ങള്‍ വിമാനത്താവളത്തിലെത്തിയതായി ദൃക്‌സാക്ഷി പറഞ്ഞു. പുറപ്പെടാനിരുന്ന വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും യാത്രക്കാരോട് ടെര്‍മിനലില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വിമാനത്തില്‍നിന്ന് പുക ഉയരുന്നതായും ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ വിമാനത്തിന് ഉണ്ടായ കേടുപാടുകള്‍ മിസൈല്‍ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. റിയാദിനും ഖമീസ് മുഷൈത്തിനും നേരെ ഹൂതികള്‍ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. രണ്ട് മിസൈലുകള്‍ റിയാദിലേക്കും ഒന്ന് ഖമീസ് മുഷൈത്തിലേക്കുമാണ് വിക്ഷേപിച്ചതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഇതിനിടെ, സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് അല്‍ മാലികി വ്യക്തമാക്കി. റിയാദിലെയും അബ്ഹയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ യെമനിലെ 82 ഹൂതി സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു.

Share