പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സി.എം.ആർ.എൽ–മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. ഷോൺ ജോർജ്. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും ഷോൺ ജോർജ് പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തിന് അതിന്റേതായ മാന്യതയുണ്ടെന്നും മഹാന്മാർ ഇരുന്ന സ്ഥാനമാണതെന്നും ഷോൺ ജോർജ് പറഞ്ഞു. ആ സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ പിണറായി വിജയൻ തയ്യാറാകണം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് ഷോൺ ജോർജ് പറഞ്ഞു. നിയമസാധ്യതകൾ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടതെന്നും കേസെടുക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികളോട് ചോദിച്ചിട്ടാണോ കേസെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ഷോൺ ജോർജ് ചോദിച്ചു. സർക്കാർ സദുദ്ദേശ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. രാഷ്‌ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന ആരോപണം ഇനി സർക്കാരിന് ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ ബിജെപിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി. പിണറായി വിജയനെ അനുകൂലിക്കുന്ന പ്രമേയങ്ങൾ പാസാക്കാനാണ് സിപിഎം വിശാല സമ്മേളനങ്ങൾ വിളിച്ചുചേർത്തതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ പത്തുവർഷമായി പിണറായി വിജയൻ സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ നേടിയവരാണ് സിപിഎം നേതൃത്വത്തിലുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.

 

Share