കൊച്ചി: സനാതന ധർമത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, ഭാരതീയ ദാർശനിക പാരമ്പര്യങ്ങൾ, വേദങ്ങൾ, പുരാണങ്ങൾ, ആത്മീയ സാധനകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരമൊരുക്കി അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്. സ്ഥാപനത്തിന്റെ ഒരു വർഷത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമായ ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹിന്ദു സ്റ്റഡീസ്’ 2026 നവംബർ 9ന് ആരംഭിക്കും. കോഴ്സിന്റെ ഫീസ് 6,000 രൂപയാണ്.
ഹിന്ദു സംസ്കാരത്തിന്റെയും ആത്മീയ പൈതൃകത്തിന്റെയും വിവിധ തലങ്ങൾ പരിചയപ്പെടുത്തുകയാണ് പഠനപരിപാടിയുടെ ലക്ഷ്യം. മനുഷ്യൻ, പ്രകൃതി, ദൈവികത എന്നിവ തമ്മിലുള്ള ബന്ധവും സനാതന ധർമം മുന്നോട്ടുവയ്‌ക്കുന്ന ജീവിതദർശനവുമാണ് കോഴ്സിന്റെ പ്രധാന പഠനമേഖലകൾ. തലമുറകളിലൂടെ കൈമാറിവന്ന ഋഷിജ്ഞാനത്തിന്റെ പശ്ചാത്തലത്തിൽ ധർമം, അർഥം, കാമം, മോക്ഷം എന്നീ പുരുഷാർഥങ്ങളും കർമം, ജന്മം, സംസാരചക്രം തുടങ്ങിയ ആശയങ്ങളും പഠിക്കാം.
നാല് പേപ്പറുകൾ; വിശാലമായ പഠനവിഷയങ്ങൾ
നാല് പേപ്പറുകളായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഹിന്ദു പഠനത്തിന് ആമുഖം, ഹിന്ദു സാഹിത്യം, ഭാരതീയ ദാർശനിക സമ്പ്രദായങ്ങൾ, ഹിന്ദുമതത്തിന്റെ സാംസ്കാരിക-സാമൂഹിക വശങ്ങൾ എന്നിവയാണ് പ്രധാന വിഭാഗങ്ങൾ.
ഹിന്ദുമതത്തിന്റെ ചരിത്രം, ലോകവീക്ഷണം, ധർമം, ഋതം, സൃഷ്ടി-സ്രഷ്ടാവ് എന്നീ ആശയങ്ങൾ ആദ്യ പേപ്പറിൽ പരിചയപ്പെടുത്തും. വേദങ്ങൾ, വൈദിക സാഹിത്യം, ധർമശാസ്ത്രങ്ങൾ, പുരാണങ്ങൾ, ഉപപുരാണങ്ങൾ, ഇതിഹാസങ്ങൾ, പുരാണകഥകളിലെ തത്ത്വചിന്തകൾ എന്നിവയാണ് രണ്ടാം പേപ്പറിലെ വിഷയങ്ങൾ.
ഭാരതീയ ദർശനങ്ങളുടെ ഭാഗത്ത് ഷഡ്ദർശനങ്ങൾ, വേദാന്തം, ബുദ്ധമതത്തിലെ പ്രതീത്യസമുത്പാദം, ജൈനമതത്തിലെ സപ്തഭംഗി, സിഖ് മതത്തിന്റെ പാരമ്പര്യബന്ധങ്ങൾ എന്നിവ പഠനവിധേയമാകും. ആജീവികം, ചാർവാകം, നിരീശ്വര സാംഖ്യം തുടങ്ങിയ ദാർശനിക നിലപാടുകളും ഗോത്രസംസ്കാരങ്ങളും സനാതന ധർമവുമായുള്ള ബന്ധവും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുമതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വശങ്ങൾ ഉൾക്കൊള്ളുന്ന നാലാം പേപ്പറിൽ വർണാശ്രമ ധർമം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹിന്ദു പാരമ്പര്യങ്ങൾ, ആധുനിക ശാസ്ത്രവുമായുള്ള സംവാദം, വിവിധ സമ്പ്രദായങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവ പരിചയപ്പെടുത്തും.
ആഴ്ചയിൽ രണ്ട് ക്ലാസുകൾ
ആഴ്ചയിൽ രണ്ട് ക്ലാസുകളാണ് പഠനക്രമത്തിലുള്ളത്. ഇതിൽ ഒന്ന് തത്സമയ ഓൺലൈൻ ക്ലാസും മറ്റൊന്ന് മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസ് മൊഡ്യൂളുമാണ്. ഒരു വർഷം നീളുന്ന പഠനപരിപാടിയിലൂടെ സനാതന ധർമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും പ്രധാന ഗ്രന്ഥങ്ങളും ദാർശനിക സമ്പ്രദായങ്ങളും സമഗ്രമായി മനസ്സിലാക്കാൻ പഠിതാക്കൾക്ക് അവസരം ലഭിക്കും.
ആത്മീയ സാധനയുടെ പ്രസക്തി, വ്യക്തിജീവിതത്തിലെ ആത്മീയ വളർച്ച, സന്തോഷം, സമാധാനം, സാമൂഹിക സൗഹാർദം എന്നിവയിൽ ഹിന്ദു ചിന്തകൾക്കും പാരമ്പര്യങ്ങൾക്കും ഉള്ള പങ്ക് എന്നിവയും കോഴ്സിന്റെ പഠനഫലങ്ങളിൽ ഉൾപ്പെടുന്നു. സമകാലിക ലോകത്ത് ഹിന്ദു ദർശനത്തിന്റെയും പാരമ്പര്യങ്ങളുടെയും പ്രസക്തി തിരിച്ചറിയുന്നതിനും പഠനപരിപാടി സഹായകമാകുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
രജിസ്ട്രേഷൻ വിവരങ്ങൾ
കോഴ്സ്: Certificate Program in Hindu Studies
സ്ഥാപനം: അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
കാലാവധി: ഒരു വർഷം
ആരംഭം: 2026 നവംബർ 9
ഫീസ്: ₹6,000
രജിസ്ട്രേഷൻ: https://aoap.amrita.edu/gateway/index/index?ekey=OCPKS
ഫോൺ: +91 97784 02665
ഇമെയിൽ: info.adonline@am.amrita.edu