ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ലൈംഗികാതിക്രമ പരാതികളിൽ കോൺഗ്രസ് എംപിയും അധ്യാപകനുമായ അംഗോംച ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി).

എബിവിപി  പ്രതിഷേധം ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം ബിമോൽ അക്കോയ്ജാമിനെ സർവകലാശാല ജോലിയിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടിരുന്നു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടും സർവീസ് ചട്ടങ്ങളും പരിഗണിച്ചായിരുന്നു നടപടി.

ജെഎൻയുവിലെ സോഷ്യൽ സയൻസസ് വിഭാഗത്തിന് കീഴിലുള്ള സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലാണ് ബിമോൽ അക്കോയ്ജാം അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. മണിപ്പൂരിലെ ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് എംപി കൂടിയാണ് അദ്ദേഹം. 11 വിദ്യാർത്ഥിനികൾ ഇയാൾക്കെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകിയത്.

വിദ്യാർത്ഥിനികളുടെ പരാതികളിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എബിവിപി ജെഎൻയു യൂണിറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.  സെപ്റ്റംബറിൽ സംഘടന ശക്തമായ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പരാതികൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും രാഷ്‌ട്രീയ സ്വാധീനമോ പദവിയോ അന്വേഷണത്തെ ബാധിക്കരുതെന്നും എബിവിപി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കേണ്ടത് സർവകലാശാലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് സംഘടന വ്യക്തമാക്കി. പരാതികളിൽ അനാവശ്യ കാലതാമസം വരുന്നത് നീതിന്യായ സംവിധാനങ്ങളിലുള്ള വിദ്യാർത്ഥിനികളുടെ വിശ്വാസത്തെ ബാധിക്കുമെന്നും എബിവിപി ചൂണ്ടിക്കാട്ടിയിരുന്നു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളിൽ രാഷ്‌ട്രീയ പാർട്ടികൾ ഇരട്ടത്താപ്പ് ഒഴിവാക്കി ഉത്തരവാദിത്വത്തോടെ നിലപാടെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടിരുന്നു.

 

Share