തിരുവനന്തപുരം: സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച ഇലോൺ മസ്കിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ലെന്നും തുറന്ന മത്സരത്തിനും സുരക്ഷയ്‌ക്കും ഉത്തരവാദിത്വത്തിനുമാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ടെലികോം മേഖലയിൽ സംരംഭകനായും നയരൂപീകരണത്തിന്റെ ഭാഗമായും പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാട് പങ്കുവയ്‌ക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ടെലികോം മേഖലയിൽ സുതാര്യതയില്ലായ്മയും അഴിമതിയും നിലനിന്നിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയ പിന്തുണയുള്ളവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചായിരുന്നു പലപ്പോഴും ഈ മേഖല പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ടെലികോം, ഇന്റർനെറ്റ് മേഖലകളുടെ പ്രവർത്തനങ്ങൾക്ക് മൂന്ന് അടിസ്ഥാന തത്വങ്ങളാണുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറന്ന മത്സരം, സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനങ്ങൾ, നിയമപരമായ ഉത്തരവാദിത്വം എന്നിവയാണവ. കുത്തകകൾക്ക് ഇടം നൽകാതെ സ്വതന്ത്രവും നീതിപൂർവവുമായ മത്സരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സുരക്ഷ ഉറപ്പാക്കിയശേഷം സ്പെക്ട്രം അനുവദിക്കും’
സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള മൂന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസ് ഉടമകളും സുരക്ഷാ അനുമതികളുടെ കാര്യത്തിൽ ഏതാണ്ട് ഒരേ ഘട്ടത്തിലാണെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആദ്യം സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുക, അതിനുശേഷം സ്പെക്ട്രം അനുവദിക്കുക എന്നതാണ് സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം വിശദീകരിച്ചു.
സാറ്റലൈറ്റ് ഐപി സേവനങ്ങൾക്ക് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികളുണ്ടെന്നും ഭീകരവാദവും അയൽരാജ്യങ്ങളുടെ പിന്തുണയോടെയുള്ള കലാപങ്ങളും നേരിടുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്തരം പരിശോധനകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
26/11 മുംബൈ ഭീകരാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും പരാമർശിച്ച രാജീവ് ചന്ദ്രശേഖർ, ഭീകരർ ആശയവിനിമയത്തിനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സാറ്റലൈറ്റ് വോയ്സ് ഓവർ ഐപി (VoIP), എൻക്രിപ്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സുരക്ഷാ പരിശോധനകൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ വെല്ലുവിളികൾ മറികടക്കാനാവാത്തതല്ല. എന്നാൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങളും സാങ്കേതിക ശേഷികളും വികസിപ്പിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
‘സ്റ്റാർലിങ്ക് മികച്ച സാങ്കേതികവിദ്യ; എന്നാൽ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന’
സ്റ്റാർലിങ്ക് സേവനം താൻ ഉപയോഗിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതികവിദ്യയാണെന്നാണ് തന്റെ അഭിപ്രായമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൊബിലിറ്റി മേഖലയിലെ നവീകരണത്തിന്റെ പുതിയ ഘട്ടത്തെയാണ് സ്റ്റാർലിങ്ക് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണ്. ഈ സാഹചര്യത്തിൽ ക്ഷമ അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.