തിരുവനന്തപുരം: മെഡിക്കല്‍ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതി കര്‍ണാടകയിലെ മണിപ്പാലില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി ടോമി കുര്യന്‍ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മംഗളൂരുവിലെ കനാച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എം.ഡി. റെസ്പിറേറ്ററി മെഡിസിന്‍ സീറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നേരിട്ടുമാണ് 95 ലക്ഷം രൂപ കൈപ്പറ്റിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പ്രവേശനം ലഭിക്കാതിരിക്കുകയും നല്‍കിയ പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പരാതിക്കാരന്‍ പേരൂര്‍ക്കട പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സമാനമായ രീതിയില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളില്‍ പാലാരിവട്ടം, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനുകളിലും ടോമി കുര്യനെതിരെ കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പേരൂര്‍ക്കട എസ്.എച്ച്.ഒ പ്രദീപ് പി.യുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു കെ.ജി., ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എസ്., സി.പി.ഒ അനീഷ് കുമാര്‍, ഡബ്ല്യു.സി.പി.ഒ ശ്രുതി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മണിപ്പാലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ടോമി കുര്യന്റെ ഉടമസ്ഥതയിലുള്ള ‘ജെനിമൈന്‍ഡ്‌സ്’ എന്ന സ്ഥാപനത്തിനെതിരെയും വിദേശപഠനവുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടതായി ആരോപിച്ച് നിരവധി പേര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. പോര്‍ച്ചുഗലില്‍ പഠനത്തിന് അവസരം വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം തിരികെ നല്‍കിയില്ലെന്നും കൊച്ചിയിലെ ബ്രാഞ്ച് വഴി ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നും ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും ഗൂഗിള്‍ റിവ്യൂകളിലൂടെയും മറ്റും ആരോപിക്കുന്നു. ഈ പരാതികളില്‍ എത്രത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നോ അവയുടെ അന്വേഷണനില എന്താണെന്നോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍ ഓണ്‍ലൈന്‍ പരാതികളിലെ ആരോപണങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. മെഡിക്കല്‍ അഡ്മിഷന്‍ തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.