എഫ്-35 വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ആയിട്ടില്ല; റഷ്യയുടെ എസ്യു-57-ലും വിലയിരുത്തല്‍ ഘട്ടത്തിലാണ്: വ്യോമസേനാ മേധാവി

Published by
ജനം വെബ്‌ഡെസ്ക്

ജോധ്പൂര്‍: അമേരിക്കയുടെ അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്-35 ഇന്ത്യയ്‌ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ആയിട്ടില്ല എന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്. റഷ്യയുടെ എസ്യു-57 യുദ്ധവിമാനം വിലയിരുത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജോധ്പൂരില്‍ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി-2026ന്റെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എഫ്-35 യുദ്ധവിമാനം ഇന്ത്യയ്‌ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് എ.പി. സിങ്ങിന്റെ മറുപടി. റഷ്യയുടെ അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്യു-57 സംബന്ധിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. റഷ്യ വിമാനം വാഗ്ദാനം ചെയ്തതായി അറിവുണ്ടെങ്കിലും അത് വിശദമായി അറിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. വിമാനം വിലയിരുത്താന്‍ തീരുമാനമുണ്ടായാല്‍, ഇന്ത്യയുടെ പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എസ്യു-57-ന് എത്രത്തോളം കഴിയുമെന്ന് പരിശോധിക്കും. വിമാനത്തിന്റെ ശേഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുമേഖലയില്‍ ലഭ്യമാണെന്നും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എസ്യു-57 സംബന്ധിച്ച വിലയിരുത്തല്‍ ആരംഭിക്കുന്ന ഘട്ടത്തിലേക്ക് നടപടികള്‍ എത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാവി യുദ്ധവിമാന ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Share