വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: യാത്രക്കാരന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഇന്നാണ് സംഭവം. വിമാനം രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നില്‍ സൂക്ഷിച്ചിരുന്ന യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്നാണ് പുക ഉയര്‍ന്നത്. സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന്‍ ജീവനക്കാര്‍ ഉടന്‍ ഇടപെട്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോയുടെ 6E 6115 വിമാനമാണ് ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടത്. നിശ്ചിത സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ ചെന്നൈയിലെത്തിക്കുന്നതിനായി പകരം വിമാനം ഏര്‍പ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സെപ്റ്റംബര്‍ 27-ന് ഗുവാഹത്തിയില്‍നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടെയില്‍ സ്‌ട്രൈക്ക് സംഭവിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Share