തിരുവനന്തപുരം: സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണിച്ചില്ലെന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. സർക്കാർ പ്രതിനിധികളാരും തന്നെ വിളിച്ചിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് നൽകുന്ന പാരിതോഷികങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വലിയ കുറവുണ്ടെന്നും ആൻസി സോജൻ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും ഈ സാഹചര്യം പ്രേരിപ്പിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘മറ്റ് സംസ്ഥാനങ്ങൾ നൽകുന്ന പരിഗണന കേരളത്തിലില്ല’
തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങുകളും പാരിതോഷിക പ്രഖ്യാപനങ്ങളും ഇതിനകം നടത്തിയതായി ആൻസി ചൂണ്ടിക്കാട്ടി. റിലേയിൽ മെഡൽ നേടിയ താരങ്ങൾക്കുപോലും കോടികൾ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും വ്യക്തിഗത ഇനങ്ങളിൽ മെഡൽ നേടിയിട്ടും കേരളത്തിൽ അർഹമായ പരിഗണന ലഭിക്കാത്തത് വിഷമിപ്പിക്കുന്നുവെന്നും താരം പറഞ്ഞു.
ഗ്രൂപ്പ് ഇനങ്ങളെയും വ്യക്തിഗത ഇനങ്ങളെയും വ്യത്യസ്തമായി കാണാമെങ്കിലും മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്കുള്ള പാരിതോഷികങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് ആൻസി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇപ്പോഴും പഴയ നില തുടരുന്നത് നിരാശയുണ്ടാക്കുന്നു. മറ്റൊരു സംസ്ഥാനത്തേക്ക് മാറിയിരുന്നെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നുവെന്ന് തോന്നുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആൻസി സോജൻ പറഞ്ഞു.