കോട്ടയം: മണിമലയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ സംഭവം നടന്നത്. സന്തോഷിന്റെ ഭാര്യ സിന്ധുവും മക്കളുമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഇവിടെ താമസിച്ചിരുന്നില്ല. ഇടയ്‌ക്കിടെ മാത്രമാണ് ചാരുവേലിയിലെ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തുമ്പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസം വൈകിട്ടും സന്തോഷ് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തതായാണ് വിവരം. ഇതിനിടെ മക്കളായ സച്ചുവും സനോജുമായി തർക്കമുണ്ടായി. തുടർന്നാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്‌ക്കടിച്ചത്.
ബഹളം കേട്ടെത്തിയ നാട്ടുകാർ സന്തോഷിനെ വീടിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലാണ് കണ്ടത്. സംഭവസ്ഥലത്തുനിന്നുതന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.