പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ നിയന്ത്രണരേഖയ്‌ക്ക് അപ്പുറത്തേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍, സംഭവത്തെക്കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

പുലര്‍ച്ചെ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സംഘം അതിര്‍ത്തിക്ക് സമീപം ഐഇഡി സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റവിരുദ്ധ സുരക്ഷാ സംവിധാനത്തിന്റെ നിരീക്ഷണത്തില്‍ സംഘംപ്പെടുകയും നാല് ഭീകരര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇന്ത്യന്‍ ഭാഗത്തെ കൃഷ്ണ ഘാട്ടി മേഖലയിലാണ് സംഭവം നടന്നതെന്നാണ് സൂചന. പാക് അധീന ജമ്മു കശ്മീരിലെ ഹജിറയ്‌ക്ക് സമീപമുള്ള ബദര്‍പുര്‍ മേഖലയില്‍നിന്നാണ് സംശയാസ്പദമായ നീക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മേഖലയില്‍ പാക് സൈന്യത്തിന്റെ 66 ഫ്രണ്ടിയര്‍ ഫോഴ്സ് വിന്യസിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കായി സൈനിക ആസ്ഥാനത്തേക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗത പത്താനി വസ്ത്രം ധരിച്ച ചിലര്‍ പിസ്റ്റളുകളുമായി വനമേഖലയിലൂടെ നീങ്ങുന്നതും ഐഇഡി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് സൂചന.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നാല് മുതല്‍ ആറ് വരെ സംശയാസ്പദ വ്യക്തികള്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഭീകരവിരുദ്ധ നടപടികള്‍ തുടരുകയാണ്. നിയന്ത്രണരേഖയിലും വനമേഖലകളിലും സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Share