പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ  ഒപ്പമുള്ളവരെ കൈമുട്ട് കൊണ്ട് ഇടിക്കുന്നതും പിടിച്ച് തള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്ത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ രാഹുൽ പിടിച്ചുവലിക്കുന്നതും മറ്റ് പാർട്ടി പ്രവർത്തകർക്കിടയിലൂടെ നീങ്ങുന്നതിനിടെ തള്ളുന്നതും കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു വീഡിയോയിൽ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടുനീങ്ങുന്നതിനിടെ രാഹുൽ ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്നതായി കാണാം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തകരും നീങ്ങിയതോടെ ശിവകുമാർ പിന്നിലേക്ക് തള്ളപ്പെടുന്നതായും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയിൽ പ്രതിഷേധത്തിനിടെ പാർട്ടി പ്രവർത്തകർക്കിടയിലൂടെ നീങ്ങുമ്പോൾ രാഹുൽ കൈമുട്ടുകൊണ്ട് ഇടിക്കുകയും തള്ളിമാറ്റുകയും ചെയ്യുന്നതായി കാണാം.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഹുലിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെ പ്രകടനമാണെന്നും കർണാടക മുഖ്യമന്ത്രിയോട് അനാദരവ് കാണിച്ചെന്നും ബിജെപി ചൂണ്ടിക്കാട്ടി. കന്നഡിഗരോടുള്ള അപമാനം എന്നാണ് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംഭവത്തെ  വിശേഷിപ്പിച്ചത്. ഹൈക്കമാൻഡിന് മുന്നിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിലപാട് വ്യക്തമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

 

Share