തിരുവനന്തപുരം: ആക്കുളത്ത് ഗുഡ് ഷെപ്പേർഡ് സ്കൂളിന് സമീപം വൻ മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയ്‌ക്ക് പിന്നാലെ റോഡിന്റെ ഒരു വശം പൂർണമായും ഇടിഞ്ഞുതാഴുകയായിരുന്നു. ഏകദേശം 50 അടി താഴ്ചയിലേക്ക് റോഡ് തകർന്നതായാണ് സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന പിആർഎസ് വില്ലയ്‌ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്കൂളും ജനവാസമേഖലയും അടുത്തായതിനാൽ പ്രദേശത്ത് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. വില്ലയിലേക്കുള്ള പ്രധാന റോഡിന്റെ ഭാഗമാണ് തകർന്നത്. റോഡിനോട് ചേർന്നുള്ള മതിലും ഇടിഞ്ഞുവീണിട്ടുണ്ട്.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അഗ്നിരക്ഷാസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കഴക്കൂട്ടം എംഎൽഎ വി. മുരളീധരനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മണ്ണിടിച്ചിൽ കൂടുതൽ വ്യാപിക്കുന്നതായും രാവിലെ നടത്തിയ പരിശോധനയ്‌ക്കുശേഷം വീണ്ടും മണ്ണിടിഞ്ഞതായും എംഎൽഎ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അടിയന്തര പരിഗണന നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥിതി കൂടുതൽ വഷളായാൽ വലിയ അപകടസാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
അശാസ്ത്രീയമായ നിർമാണമാണോ മണ്ണിടിച്ചിലിന് കാരണമായതെന്ന കാര്യത്തിൽ പിന്നീട് പരിശോധന നടത്തും. അത്തരം വീഴ്ചകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. നിലവിൽ പ്രദേശത്തെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.