ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

Published by
ജനം വെബ്‌ഡെസ്ക്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ആധിപത്യം നിലനിർത്തി ബിജെപി. ആകെയുള്ള 44 സീറ്റുകളിൽ 38 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി ഭരണം നിലനിർത്തിയത്. കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിക്ക് (എഎപി) ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

ഒക്ടോബർ 11ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ 13നാണ് പൂർത്തിയായത്. കോർപ്പറേഷനിലെ 11 വാർഡുകളിലായി 44 സീറ്റുകളിലേക്കായിരുന്നു മത്സരം. ബിജെപിയും കോൺഗ്രസും മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ എഎപി 32 സീറ്റുകളിലാണ് മത്സരിച്ചത്.

എഎപിക്ക് തിരിച്ചടി; 32 സ്ഥാനാർഥികളെയും ജനം കൈവിട്ടു
32 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് ഒരിടത്തും വിജയിക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു.

ഗാന്ധിനഗറിൽ ബിജെപി ആധിപത്യം തുടരുന്നു
2011ൽ നടന്ന ഗാന്ധിനഗർ കോർപ്പറേഷന്റെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു വിജയിച്ചത്. 2016ൽ ബിജെപിക്കും കോൺഗ്രസിനും 16 സീറ്റുകൾ വീതം ലഭിച്ചു. പിന്നീട് ഒരു കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നതോടെ കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുകയായിരുന്നു.

 

Share