‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും തുറന്ന സംവാദങ്ങളുടെ പാരമ്പര്യവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ വിപുലമായ മാധ്യമശൃംഖലയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ സംവദിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും അവസരമൊരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നൂറിലധികം ഭാഷകളും ഏകദേശം 80,000 രജിസ്റ്റര്‍ ചെയ്ത പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരത്തിലധികം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളും രാജ്യത്തുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് 50 കോടിയിലധികം യൂട്യൂബ് ഉപയോക്താക്കളും അത്രതന്നെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുമുള്ള ഇന്ത്യയില്‍ വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ തുറന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച വിവരങ്ങളിലേക്കും അറിവിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനം വിപുലമാക്കിയിട്ടുണ്ട്. ചെറുപട്ടണങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനും ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങളും വിതരണശൃംഖലയിലെ തടസ്സങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിദേശനാണ്യശേഖരം 700 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായും ബാങ്കിങ് സംവിധാനം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ നിലയിലാണെന്നും മോദി പറഞ്ഞു. ജിഎസ്ടി, പാപ്പരത്ത നിയമം, തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയും സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ ഭാഗമായി അദ്ദേഹം പരാമര്‍ശിച്ചു.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനശേഷി ഗണ്യമായി വര്‍ധിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 2014-ല്‍ ഏകദേശം 75 ഗിഗാവാട്ടായിരുന്ന ശേഷി ഇപ്പോള്‍ 300 ഗിഗാവാട്ടിനടുത്തെത്തി. ശുദ്ധ ഊര്‍ജ മേഖലയിലെ വളര്‍ച്ച പുതിയ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഊര്‍ജപരിവര്‍ത്തനത്തിനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘര്‍, പി.എം.-കുസും പദ്ധതികളും മോദി പരാമര്‍ശിച്ചു. വീടുകളിലും കാര്‍ഷിക മേഖലയിലും സൗരോര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ ഊര്‍ജച്ചെലവ് കുറയ്‌ക്കാനും പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നല്‍കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പൗരന്മാരെ ഭരണസംവിധാനത്തെ ആശ്രയിക്കുന്നവരാക്കി മാറ്റുകയല്ല, മറിച്ച് അവരെ കഴിവുള്ളവരും സ്വയംപര്യാപ്തരുമാക്കി ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയതായും അദ്ദേഹം അവകാശപ്പെട്ടു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനവും മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതി കുറയ്‌ക്കാനും പൗരന്മാര്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അറിവും സാങ്കേതികവിദ്യയും സാമ്പത്തിക ശേഷിയും ഏതാനും ആളുകളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ പേരിലേക്ക് എത്തണമെന്നതാണ് ഇന്ത്യയുടെ വികസന സമീപനമെന്നും ആഗോള വെല്ലുവിളികള്‍ നേരിടുന്നതില്‍ രാജ്യത്തിന്റെ അനുഭവങ്ങളും ശേഷികളും മറ്റ് രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share