തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
തുലാവർഷം അടുത്തെത്തി; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
അടുത്ത ഒരു ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനും അതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ തുലാവർഷമെത്തുന്നതിന്റെ സൂചനയായാണ് ഈ കാലാവസ്ഥാ മാറ്റം വിലയിരുത്തപ്പെടുന്നത്.
തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും മൺസൂൺ മാറ്റവും ഉൾപ്പെടെയുള്ള ഘടകങ്ങൾ മൂലം ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രതാ നിർദേശമുണ്ട്.