ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ബിജെപി. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ദര്‍ശന നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും തീരുമാനം നടപ്പാക്കിയാല്‍ നിയമപരമായും സംഘടനാപരമായും ചെറുക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആദ്യം സൗജന്യമായിരുന്നുവെന്നും പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങിയെന്നും ഇപ്പോള്‍ നിരക്ക് പത്ത് രൂപയാക്കാനാണ് നീക്കമെന്നും അനൂപ് ആന്റണി പറഞ്ഞു.

ഓരോ ഘട്ടത്തിലും നിരക്ക് വര്‍ധിപ്പിച്ച് തീര്‍ത്ഥാടകരുടെ സാമ്പത്തിക ബാധ്യത കൂട്ടുന്ന നടപടി അംഗീകരിക്കാനാവില്ല. ഭക്തരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെത്തുന്ന ഭക്തരില്‍ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദര്‍ശനത്തിനെത്തുന്നത്. വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇവര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കുന്നതിനായി ദര്‍ശന നിരക്ക് കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.

പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ പോലും പലപ്പോഴും വെള്ളവും ശുചിത്വവുമില്ലാത്ത അവസ്ഥയിലാണെന്നാണ് ആരോപണം. ഓരോ തീര്‍ത്ഥാടന കാലത്തും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ഭക്തര്‍ക്ക് ദുരിതമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സ്വര്‍ണമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഭക്തരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള നീക്കമെന്നും അനൂപ് ആന്റണി വിമര്‍ശിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് അത് തുറന്നുപറയണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും തയ്യാറാണെന്നും അതിന് ദേവസ്വം ബോര്‍ഡ് സ്വന്തം പരിമിതികള്‍ തുറന്നുസമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോയാല്‍ ബിജെപി അതിനെ നിയമപരമായും സംഘടനാപരമായും ചെറുക്കും. ശബരിമല ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി.

Share