നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അയൽവാസി ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം ഇനിയും നടപ്പായില്ല. സംഭവം നടന്ന് രണ്ട് വർഷത്തോടടുക്കുമ്പോഴും ജോലി ലഭിക്കാതെ പ്രതിസന്ധിയിലാണ് കുടുംബം. മക്കളിൽ ഒരാൾക്ക് ജോലി നൽകണമെന്ന കോടതി നിർദേശമുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുധാകരൻ കൊല്ലപ്പെട്ടതോടെ പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കുമൊപ്പമാണ് മക്കൾ കഴിയുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള അപ്പൂപ്പന് ജോലിക്ക് പോകാനാകില്ല. അമ്മൂമ്മ കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. ഒരാൾ കോച്ചിങ്ങിന് ചേർന്നിട്ടുണ്ട്. ജോലി ലഭിച്ചാൽ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് മക്കൾ പറയുന്നു.

കൊലപാതകത്തിന് പിന്നാലെ അന്നത്തെ സർക്കാരും പിന്നീട് അധികാരത്തിലെത്തിയ സർക്കാരും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി കുടുംബം പറയുന്നു. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. കൂടാതെ മക്കൾക്ക് ജോലു നൽകണമെന്നും വിചാരണ കോടതിയുടെ ഉത്തരവുണ്ടായിരുന്നു.

ജീവിതച്ചെലവുകൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ എത്രയും വേഗം ജോലി ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അധികൃതർ ഇടപെട്ട് വാഗ്ദാനം പാലിക്കണമെന്നും കുടുംബം അഭ്യർഥിക്കുന്നു.

Share