കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

Published by
ജനം വെബ്‌ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയിൽ കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.   30ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഹിദാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാം–നൂഹ് അതിർത്തിക്ക് സമീപം സിലാനി റോഡിലായിരുന്നു സംഭവം.

ഫരീദാബാദ് രജിസ്ട്രേഷനുള്ള എസ്‌യുവിയിൽ രണ്ട് കൂട്ടാളികൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ഷാഹിദ്. രഹസ്യ വിവരത്തെ  തുടർന്ന് പോലീസ് വാഹനം തടഞ്ഞു. പോലീസ് വളഞ്ഞതോടെ ഷാഹിദും കൂട്ടാളികളും വെടിയുതിർത്തതായും തുടർന്ന് പോലീസ് തിരിച്ചടിച്ചതായും അധികൃതർ പറഞ്ഞു.

ഷാഹിദിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ രണ്ട് പശുക്കളെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വാഹനം പിടിച്ചെടുത്തിട്ടുണ്ട്. പശുക്കളെ ഗോശാലയിലേക്ക് മാറ്റി. ഷാഹിദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോഹ്നയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുഗ്രാം, ഫരീദാബാദ്, നൂഹ് എന്നിവിടങ്ങളിലായി കവർച്ച, കൊള്ള, ബലാത്സംഗം, പോലീസിനു നേരെ വെടിവെപ്പ്, എടിഎം മെഷീനുകൾ മോഷ്ടിക്കൽ തുടങ്ങിയ കേസുകളിൽ ഷാഹിദ് പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

2018ൽ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. 2019ൽ വീണ്ടും അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. രക്ഷപ്പെട്ട രണ്ട് കൂട്ടാളികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

 

Share