ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് മുഹമ്മദ് ഫൈസ് ഖാൻ. ഇന്ത്യയെ ബംഗ്ലാദേശോ പാകിസ്ഥാനോ ആക്കാമെന്ന തരത്തിലുള്ള പ്രസ്താവനകളും അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റുമെന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെതായി പ്രചരിക്കുന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ഫൈസ് ഖാൻ. ജനപിന്തുണ നേടേണ്ടത് തിരഞ്ഞെടുപ്പുകളിലൂടെയാണെന്നും കലാപങ്ങളും ഭീഷണികളും തെരുവ് പ്രക്ഷോഭങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഇന്ത്യയിലെ ഒരു മുസ്ലിമാണ്. ന്യൂനപക്ഷങ്ങളെ മുന്നിൽനിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ചില പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യ ഇന്ത്യയായി തന്നെ തുടരണം. ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല,” അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയ ഫൈസ് ഖാൻ, ഇന്ത്യയുടെ മതസൗഹാർദവും വൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവും മതപരമായ ആചാരങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുണ്ടാകുന്ന നിയന്ത്രണങ്ങളുമെല്ലാം പരാമർശിച്ച അദ്ദേഹം, ഇത്തരം സാഹചര്യങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.
“ഇന്ത്യയെ ബംഗ്ലാദേശാക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഇവിടെ ഹിന്ദുക്കളെ ജീവനോടെ കത്തിക്കണമെന്നാണോ? ഞാൻ ഒരു മുസ്ലിമാണ്. ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല. ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഇന്ത്യയുടെ പരമാധികാരത്തിൽ കൈകടത്തുന്നത് അംഗീകരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടതെന്നും ഫൈസ് ഖാൻ പറഞ്ഞു. കലാപങ്ങളും അധിക്ഷേപങ്ങളും ഭീഷണികളും ഉയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.